ലണ്ടന്‍: കോവിഡ് ക്രമാതീതമായി ഉയരുന്ന ഈ അവസരത്തിൽ ഇന്ത്യയെ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ച് ചാള്‍സ് രാജകുമാരൻ. പ്രതിസന്ധി സമയത്ത് ഇന്ത്യ ലോകരാജ്യങ്ങളെ സഹായിച്ചവരാണെന്നും അതുപോലെ ഇപ്പോൾ തിരിച്ചു സഹായിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലാരെന്‍സ് ഹൗസ് പുറത്തിറക്കിയ പ്രിന്‍സ് ചാള്‍സിന്റെ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒപ്പം ഇന്ത്യയുമായുള്ള ബന്ധവും സൗഹൃദവും അദ്ദേഹം തുറന്നുപറയുന്നു.
‘മറ്റുളള പലരേയും പോലെ എനിക്കും ഇന്ത്യയോട് വളരെയധികം സ്നേഹമുണ്ട്. രാജ്യത്തേക്ക് നടത്തിയ പല വിനോദയാത്രകളും വളരെയധികം ആസ്വദിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യ മറ്റുളളവരെ സഹായിച്ചതുപോലെ ഇപ്പോള്‍ മറ്റുളളവര്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമ്മള് ഒന്നിച്ച് ഈ യുദ്ധത്തില്‍ വിജയിക്കും.’ പ്രസ്താവനയില്‍ ചാൾസ് പറയുന്നു.
ചാള്‍സാണ് ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിന്റെ സ്ഥാപകന്‍. ട്രസ്റ്റിനെ പിന്തുണച്ച് ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഡോക്ടേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. മഹാമാരിയുടെ വളരെ ഭീകരമായ പ്രഭാവം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി കഴിഞ്ഞ 12 മാസത്തിനിടയിലെ ഏറ്റവും മോശപ്പെട്ട ഒന്നാണെന്നും ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഹിതന് മെഹ്ത പറയുന്നു.