തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ഒരു കോടി ഡോസ് വാക്‌സിന്‍ നേരിട്ടു വാങ്ങാന്‍ മന്ത്രിസഭാ തീരുമാനം. 18 നും 45 നും ഇടയ്ക്കുള്ളവര്‍ക്കു കൂടി സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനാണ് നിര്‍മ്മാണ കമ്പനികളില്‍ നിന്ന് ഇത്രയും ഡോസ് വിലയ്ക്കു വാങ്ങുക. ഇപ്പോഴത്തെ വിലയനുസരിച്ച് 483 കോടി രൂപ ചെലവു വരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഉള്‍പ്പെടെ നല്‍കും. കൊവിഷീല്‍ഡ് നിര്‍മ്മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 294 കോടിയും കൊവാക്‌സിനായി ഭാരത് ബയോടെക്കിന് 189 കോടിയുമാണ് വില നല്‍കേണ്ടിവരിക.
വാക്‌സിന്‍ വില സംബന്ധിച്ച് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ നിലവിലുള്ളതിനാല്‍, ഇവയുടെ തീര്‍പ്പിനു വിധേയമായിട്ടായിരിക്കും വാക്‌സിന്‍ വാങ്ങുക. സംസ്ഥാനത്തിന്റെ ആവശ്യത്തിനുള്ള മെഡിക്കല്‍ ഓക്‌സിജന്‍ ശേഖരമായുണ്ട്. എന്നാല്‍, അതിതീവ്ര രോഗവ്യാപനം കാരണം ആവശ്യം വര്‍ദ്ധിക്കാനിടയുള്ളതുകൊണ്ട്, കൂടുതല്‍ വരുന്ന ഓക്‌സിജന്‍ മാത്രമേ പുറത്തേക്കു നല്‍കാവൂ എന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.