ജിമ്മി ജോര്‍ജ്ജ് വാക്‌സിന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സുഗമമായി

തിരുവനന്തപുരം: ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ വാക്‌സീന്‍ സെന്ററിന്റെ പ്രവര്‍ത്തനം സുഗമമായങ്കെിലും കാത്തിരിക്കുന്നവരുടെ ദുരിതത്തിന് അറുതിയായില്ല. സ്റ്റേഡിയത്തിന് അകത്തും പുറത്ത് പന്തലിലും കാത്തിരുന്നതിനു പുറമേപുറത്ത് നീണ്ട ക്യൂവിനും മാറ്റമുണ്ടായില്ല. ജനറല്‍ ആശുപത്രി ഉള്‍പ്പെടെ മറ്റു പ്രധാന കേന്ദ്രങ്ങളിലും സമയക്രമം പാലിച്ചു മാത്രമാണ് വാക്‌സീന്‍ നല്‍കിയത്. പ്രധാന ഗേറ്റില്‍ ആളിനെ ബാരിക്കേഡ് നിരത്തി സമയക്രമം അനുസരിച്ചു മാത്രം അകത്തേക്കു കടത്തിവിട്ടു.ഇവര്‍ക്കു കാത്തിരിക്കാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു പുറത്ത് പന്തല്‍ ഇട്ട് ഇരിപ്പിടവും കുടിവെള്ളവും ഉള്‍പ്പെടെ ഒരുക്കി.
വീല്‍ ചെയറുകളുമായി വൊളന്റിയര്‍മാരും ഉണ്ടായിരുന്നു. കുത്തിവയ്പിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രായമേറിയ സ്ത്രീയെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പ്രായമായവരും മറ്റു രോഗമുള്ളവരും അടക്കം ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ ഏറെ എത്തുന്നിടത്താണ് സാമൂഹിക അകലമില്ലാതെ ദീര്‍ഘനേരം ക്യൂവില്‍ നില്‍ക്കേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നത്. ഇതു രോഗ വ്യാപന സാധ്യത കൂട്ടും.
സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം രണ്ടാം ഡോസ് വാക്‌സീനായി റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കു ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. ഇവര്‍ ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയ്ക്ക് ഡെസ്‌കിനെ സമീപിച്ചാല്‍ മതി. ആധാര്‍ അടക്കമുള്ള ഏതെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.