ന്യൂഡൽഹി ∙ കൊറോണ വൈറസിന്റെ യുകെ വകഭേദമാണ് ഡൽഹിയിൽ കോവിഡ് തരംഗത്തിനു പിന്നിലെന്ന് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളാണ് (എൻസിഡിസി) സാംപിളുകൾ അടിസ്ഥാനമാക്കിയുള്ള പഠനം. ഡൽഹിയിൽ യുകെ വകഭേദത്തിലുള്ള വൈറസ് 400 കേസുകളിലും ഇന്ത്യയിലെ ഇരട്ട വകഭേദം 76 കേസുകളിലും കണ്ടെത്തി. ഇന്ത്യയിലാകെ യുകെ വകഭേദത്തിൽ 1,644 കേസുകളാണു റിപ്പോർട്ട് ചെയ്തത്.
1735 കേസുകളിൽ വൈറസ് വകഭേദങ്ങളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. യുകെ വകഭേദത്തിൽ 64 കേസുകൾ മഹാരാഷ്ട്രയിലാണു കണ്ടെത്തിയത്. ആറ് ദക്ഷിണാഫ്രിക്കൻ വകഭേദവും ഒരു ബ്രസീൽ വകഭേദവും 427 ഇന്ത്യൻ ഇരട്ട വകഭേദവും തിരിച്ചറിഞ്ഞു. മഹാരാഷ്ട്രയിൽ 1770 സാംപിളുകളാണു പഠന വിധേയമാക്കിയത്.മാർച്ച് രണ്ടിന് യുകെ വകഭേദത്തിൽ 28 ശതമാനം വർധന കണ്ടെത്തിയിരുന്നു. ഇത് മാർച്ച് അവസാനം ആയപ്പോഴേക്കും 50 ശതമാനം വർധിച്ചതായും സുജിത് കുമാർ സിങ് വ്യക്തമാക്കി.
15,135 സാംപിളുകളുടെ ജിനോം സീക്വൻസിങ് വഴിയാണ് വൈറസ് വകഭേദങ്ങളും കേസുകളുടെ വർധനയും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്.ദക്ഷിണാഫ്രിക്കന്‍ വകഭേദം 112 കേസുകൾ, ഒരു ബ്രസീൽ വകഭേദം, 732 ഇരട്ട വകഭേദ കേസുകളും റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ കോവിഡ് തരംഗം യുകെ വകഭേദവുമായി ബന്ധപ്പെട്ടാണെന്ന് എൻസിഡിസി ഡയറക്ടർ സുജിത് കുമാർ സിങ് പറഞ്ഞു. ഡൽഹിയിൽ വളരെ വ്യത്യസ്തമായ സാഹചര്യമാണുള്ളത്. യുകെ വകഭേദവും ബി 1617ഉം (ഇരട്ട വകഭേദം) ഇവിടെയുണ്ട്.

