ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കരസേന മേധാവി, പ്രതിരോധ സെക്രട്ടറി, ഡിആർഡിഒ മേധാവി എന്നിവരുമായി ചർച്ച നടത്തി. സൈന്യത്തിന് ഒരുക്കാൻ കഴിയുന്ന സംവിധാനങ്ങളെ കുറിച്ചാണ് ചർച്ച നടന്നത്.
രാജ്യത്തെ 67 കാന്റ് ബോർഡ് ആശുപത്രികളിൽ സൈനികർക്കൊപ്പം പൗരൻമാർക്കും ചികിത്സ സൗകര്യം ഒരുക്കാൻ പ്രതിരോധ സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശിക തലങ്ങളിൽ നിയമിക്കപ്പെട്ട കമാന്റർമാർ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി കഴിയുന്ന സഹായങ്ങൾ ലഭ്യമാക്കണമെന്ന് പ്രതിരോധ മന്ത്രി നിർദേശിച്ചു.
അതെസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി ഇത് ആറം ദിനമാണ് പ്രതിദിന കണക്ക് രണ്ടര ലക്ഷം കടക്കുന്നത്. 1761 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് രോഗം മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,80,530 ആയി ഉയര്‍ന്നു.

