ന്യൂയോർക്ക്∙ ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പെഴ്‌സിവീയറൻസിന്റെ ഭാഗമായുള്ള ‘ഇൻജെന്യൂയിറ്റി’ ഹെലികോപ്റ്റർ പറത്തുന്നതിൽ അമേരിക്കൻ ബഹിരാകാശ ഏജൻസി വിജയിച്ചു.മാഴ്സ് 2020 ദൗത്യത്തിന്റെ ഭാഗമായ കുഞ്ഞൻ ഹെലികോപ്റ്റർ ഇൻജെന്വുറ്റി ചൊവ്വയിലെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി.
‘ഇൻജെന്യൂയിറ്റി’ കഴിഞ്ഞയാഴ്ച പറത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും പരിശോധനകളിൽ പൂർണ മികവ് കണ്ടെത്താനാകാതെ വന്നതോടെയാണു മാറ്റിവച്ചത്. 1.8 കിലോഗ്രാം ഭാരവും 4 ചിറകുകളും വീതമുള്ള 2 റോട്ടറുകളുമുള്ള ഇൻജെന്യൂയിറ്റി കഴിഞ്ഞ ഫെബ്രുവരി 18നാണ് പെഴ്‌സിവീയറൻസിൽ ചൊവ്വയിലെത്തിച്ചത്. റോവറിന്റെ ഹൃദയഭാഗത്തിലുള്ള പേടകത്തിൽ സ്ഥിതി ചെയ്തിരുന്ന ഹെലികോപ്റ്ററിനെ പുറത്തിറക്കി ചൊവ്വയുടെ ഉപരിതലത്തിൽ സ്ഥാപിച്ചിരിക്കുകയായിരുന്നു.
ഭൂമിയുടെ അന്തരീക്ഷത്തേക്കാൾ വളരെ നേർത്തതാണ് ചൊവ്വയുടെ അന്തരീക്ഷം, ഗുരുത്വാകർഷണവും കുറവ്, അന്തരീക്ഷത്തിൽ പൊടി പടലങ്ങളുടെ അംശവും കൂടുതലാണ് അത് കൊണ്ട് തന്നെ ഭൂമിയിൽ പറക്കുന്നത് പോലെയല്ല ചൊവ്വയിൽ ഒരു ഹെലികോപ്റ്റർ പറത്തുന്നത്. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് ഇൻജെന്വുറ്റിയുടെ വിജയം. ഭാവി പര്യവേഷണ ദൗത്യങ്ങൾക്ക് ഈ കുഞ്ഞൻ ഹെലികോപ്റ്ററിലൂടെ പഠിച്ച കാര്യങ്ങൾ മുതൽക്കൂട്ടാകും. ചരിത്ര സ്മരണയ്ക്കായി റൈറ്റ് സഹോദരൻമാരുടെ ആദ്യ വിമാനത്തിന്റെ ഒരു ചെറിയ കഷ്ണവും ഇൻജെനുവിറ്റിയിൽ ഉൾക്കൊള്ളിച്ചിരുന്നു.