ജമ്മു കശ്മീരിലെ നാലിടങ്ങളിലായി സുരക്ഷാ സേന വധിച്ചത് 12 ഭീകരരെ

ശ്രീനഗർ : ജമ്മു കശ്മീരിലെ നാലിടങ്ങളിലായി മൂന്ന് ദിവസത്തിനിടെ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലുകളിൽ സുരക്ഷാ സേന വധിച്ചത് 12 ഭീകരരെ. പോലീസ് ഡിജിപി ദിൽബാഗ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ഏറെക്കാലമായി ശാന്ത സ്വഭാവത്തിലായ കശ്മീരിൽ വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുളള ഗൂഢനീക്കങ്ങളാണ് ഏറ്റുമുട്ടലുകളിലൂടെ സുരക്ഷാസേന വിഫലമാക്കിയത്.അൻസർ ഖസ്വത്ത് ഉൽ ഹിന്ദ്, അൽ ബാദർ, ലഷ്‌കർ ഇ ത്വായ്ബ എന്നീ തീവ്രവാദ സംഘടനകളിലെ ഭീകരരെയാണ് നാല് ഏറ്റുമുട്ടലുകളിലായി സുരക്ഷാ സേന വധിച്ചത്.

ഇന്ന് രാവിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ പതിന്നാലുകാരൻ ഉൾപ്പെടെ മൂന്ന് ഭീകരരെയാണ് സേന വധിച്ചത്. പതിന്നാലുകാരന് കീഴടങ്ങാൻ സേന അവസരം നൽകിയെങ്കിലും സംഘടനയിലെ മറ്റ് അംഗങ്ങൾ അതിന് അനുവദിച്ചില്ല. തുടർന്നാണ് ഇവരെ സുരക്ഷാ സേന വധിച്ചത്.ഷോപ്പിയാനിൽ മണിക്കൂറുകളോളം നേരം നടന്ന ഏറ്റുമുട്ടലിൽ അൻസർ ഖസ്വത്ത് ഉൽ- ഹിന്ദിനെ സുരക്ഷാ സേന ജമ്മു കശ്മീരിൽ നിന്നും തുടച്ച് നീക്കയിരുന്നു. ഭീകരരുടെ പക്കൽ നിന്നും വൻ ആയുധ ശേഖരമാണ് സുരക്ഷാ സേന പിടിച്ചെടുത്തത്.

ഭീകരപ്രവർത്തനങ്ങലെ രാജ്യത്ത് നിന്നും വേരോടെ ഉന്മാൂലനം ചെയ്യാനുള്ള പദ്ധതികളാണ് സുരക്ഷാ സേന തയ്യാറാക്കുന്നത്.ജമ്മു കശ്മീരിലെ ഷോപ്പിയാനിലും ത്രാലിലുമായി ഏഴ് ഭീകരരെയും, ഹരിപോറയിൽ മൂന്ന് ഭീകരരെയും, ബിജ്‌ബെഹാറയിൽ രണ്ട് ഭീകരരെയും സേന വധിച്ചതായി അദ്ദേഹം അറിയിച്ചു. അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹാറയിൽ ലഷ്‌കർ ഇ ത്വായ്ബയിലെയും ടിആർഎഫിലെയും ഭീകരരുമായാണ് ഏറ്റുമുട്ടൽ നടന്നത്. തുടർന്ന് രണ്ട് ഭീകരരെയാണ് സേന വധിച്ചത്. ഇന്നലെ ഗൊരിവാനിൽ ആക്രമണം നടത്തിയത് ഇവരാണെന്നും അദ്ദേഹം അറിയിച്ചു. ഏറ്റുമുട്ടലിൽ സലീം അഖൂൺ എന്ന ജവാൻ വീരമൃത്യു വരിച്ചിരുന്നു.