മുഖ്യമന്ത്രിക്കും ജലീലിനും ചില രഹസ്യബന്ധങ്ങളുണ്ട്,അതിനാലാണ് മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നതെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: ബന്ധുനിയമനത്തിൽ ജലീലിന്റെ രാജി സംബന്ധിച്ച എ കെ ബാലന്റെ പ്രസ്തവാന പരിഹാസ്യമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിക്കും ജലീലിനും ചില രഹസ്യബന്ധങ്ങളുണ്ടെന്നും അതിനാലാണ് സീനിയര്‍ നേതാക്കളെ പോലും സംരക്ഷിക്കാത്ത രീതിയില്‍ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു.

ജലീലിന്റെ രാജി സംബന്ധിച്ച ബാലന്റെ പ്രസ്താവന പരിഹാസ്യമാണ്. ഗവര്‍ണറും ഹൈക്കോടതിയും പരിശോധിക്കുന്നതു പോലെയല്ല ലോകായുക്ത പരിശോധന. ഇത് പൊതുജനത്തിന് അറിയാത്തതുകൊണ്ടാണ് സിപിഎം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കും ജലീലിനും ചില കാര്യങ്ങളില്‍ ബന്ധമുണ്ട്.

അതാണ് ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ മാത്രമല്ല സംസ്ഥാന അഴിമതി വിരുദ്ധ ഏജന്‍സികളേയും സിപിഎം തള്ളുകയാണ്. സ്വജന പക്ഷപാതം അഴിമതിയാണെന്നാണ് സിപിഎം നിലപാടാണെങ്കില്‍ അതിനെ ബാലന്‍ തള്ളുകയാണ് ചെയ്യുന്നത്. രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് കെ.ടി.ജലീല്‍.

സിപിഎന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കിട്ടാത്ത പ്രിവിലേജാണ് മുഖ്യമന്ത്രി ജലീലിന് നല്‍കുന്നത്. ജലീലിനെ മുഖ്യമന്ത്രിക്ക് പേടിയാണ്. ജലീല്‍ കൂടി ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ ഇടപാട് പുറത്തു വരുമെന്ന് പേടിച്ചാണിത്. പണ്ട് കുഞ്ഞാലിക്കുട്ടിയുടെ രഹസ്യ സൂക്ഷിപ്പുകാരനായിരുന്നു ജലീല്‍. എന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.