3000 വർഷം പഴക്കമുള്ള ​ന​ഗരം കണ്ടെത്തി

egypt

ഈജിപ്‍തിൽ ആയിരക്കണക്കിന് വര്‍ഷങ്ങളായി മണലിനടിയില്‍ കിടക്കുന്ന ഒരു പുരാതന നഗരം കണ്ടെത്തി. ​’ഗോൾഡൻ സിറ്റി’യുടെ കണ്ടെത്തലെന്ന് തന്നെ പറയാവുന്നത്രയും പ്രധാനപ്പെട്ട ഒരു കണ്ടെത്തലായിരുന്നു ഇത്. ഈജിപ്‍തിലെ ഏറ്റവും വലിയ പുരാതന നഗരമാണിത് എന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ ഈ കണ്ടെത്തല്‍വളരെ പ്രാധാന്യമുള്ളതാണ് എന്ന് ഗവേഷകര്‍ പറയുന്നു. ടുട്ടൻഖാമുന്‍റെ ശവകുടീരം കണ്ടെത്തിയതിനുശേഷം നടന്ന ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിലൊന്നാണ് ഇതെന്നും വിദഗ്ദ്ധർ പറയുന്നു. പ്രശസ്ത ഈജിപ്റ്റോളജിസ്റ്റ് സാഹി ഹവാസ് ‘നഷ്ടപ്പെട്ടു എന്ന് കരുതുന്ന സ്വർണനഗരം’ കണ്ടെത്തിയെന്നാണ് ഇതേക്കുറിച്ച് പറഞ്ഞത്.

രാജാക്കന്മാരുടെ താഴ്‌വരയുടെ ആസ്ഥാനമെന്ന് പറയപ്പെടുന്ന ലക്സറിനടുത്താണ് ഈ സ്ഥലം കണ്ടെത്തിയത്. ജോണ്‍സ് ഹോപ്‍കിന്‍സ് സര്‍വകലാശാലയിലെ ഈജിപ്‍ഷ്യന്‍ ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിയോളജി പ്രൊഫസറായ ബെറ്റ്‍സി ബ്രയാന്‍ പറയുന്നത് ‘ടുട്ടന്‍ഖാമുന്‍റെ ശവകുടീരം കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ കണ്ടെത്തലാണ് ഇത്’ എന്നാണ്. ആ കാലത്തേത് എന്ന് കരുതുന്ന മോതിരം പോലെയുള്ള ആഭരണങ്ങള്‍, വിവിധ നിറങ്ങളിലുള്ള കളിമണ്‍ പാത്രങ്ങള്‍, ആമെൻ‌ഹോടെപ് മൂന്നാമന്റെ മുദ്രകൾ ഉള്ള ഇഷ്ടികകൾ എന്നിവയെല്ലാം ഇവിടെ നിന്നും കണ്ടെത്തി.

മുൻ ആന്റിക്വിറ്റീസ് മന്ത്രിയായിരുന്ന ഹവാസ് പറഞ്ഞത് ഇങ്ങനെ: ‘പല വിദേശ ദൗത്യങ്ങളും ഈ നഗരത്തിനായി തിരഞ്ഞിരുന്നു. പക്ഷേ, അത് ഇതുവരെ കണ്ടെത്തിയിരുന്നില്ല.’തലസ്ഥാനമായ കെയ്‌റോയ്ക്ക് 500 കിലോമീറ്റർ (300 മൈൽ) തെക്ക് ലക്സറിനടുത്തുള്ള റാംസെസ് മൂന്നാമന്റെയും അമെൻഹോടെപ് മൂന്നാമന്റെയും ക്ഷേത്രങ്ങൾക്കിടയിൽ 2020 സെപ്റ്റംബറിലാണ് സംഘം ഖനനം ആരംഭിച്ചത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സംഘത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് വലിയ തകരാറുകളൊന്നും സംഭവിക്കാത്ത തരത്തില്‍ ഇഷ്‍ടികകളും മറ്റും കണ്ടെത്തി.

പിന്നാലെ വേര്‍തിരിച്ചിരിക്കുന്ന ചുമരുകളും മുറികളും കണ്ടെത്തി. ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തുകയുണ്ടായി. ഏഴ് മാസത്തെ ഖനനം കഴിഞ്ഞപ്പോഴേക്കും ഓവനടക്കമുള്ള ബേക്കറികളും ആളുകള്‍ താമസിച്ചിരുന്ന സ്ഥലങ്ങളുമെല്ലാം കണ്ടെത്തുകയുണ്ടായി. ആമൻ‌ഹോടെപ് മൂന്നാമൻ യൂഫ്രട്ടീസ് മുതൽ സുഡാൻ വരെ നീളുന്ന ഒരു സാമ്രാജ്യം ഭരിച്ചുവെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു. ബിസി 1354 -ൽ അദ്ദേഹം മരിച്ചു.

നാലു പതിറ്റാണ്ടോളം അദ്ദേഹം അവിടം ഭരിച്ചു. ആഡംബരത്തിനും സമൃദ്ധിക്കും പേരുകേട്ട കാലമായിരുന്നു അദ്ദേഹം ഭരിച്ചിരുന്ന കാലം. അദ്ദേഹത്തെയും ഭാര്യയെയും പ്രതിനിധീകരിക്കുന്ന വലിയ രണ്ട് ശിലപ്രതിമകളും ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളായിട്ടും ഇന്നലത്തേത് എന്നപോലെയാണ് അവിടെയെല്ലാം ഇപ്പോഴും ഉള്ളത് എന്ന് പുരാവസ്‍തുഗവേഷകരുടെ സംഘം പറയുന്നു. ജനങ്ങൾ ഏറ്റവും ധനികരായി ജീവിച്ച കാലം അതാണ് എന്നാണ് ഈ കണ്ടെത്തലുകള്‍ കാണിക്കുന്നത് എന്നും സംഘം പറഞ്ഞു.