ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ കുമാരി അലക്‌സ് മത്സരത്തില്‍ നിന്നും പിന്‍മാറി

മലപ്പുറം: വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ ഏക ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ കുമാരി അലക്‌സ് മത്സരത്തില്‍ നിന്നും പിന്‍മാറി. പാര്‍ട്ടി നേതാക്കളുടെ സ്വാര്‍ത്ഥ താൽപര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് പിന്‍മാറ്റം. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടി നേതാക്കള്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് അനന്യ ആരോപിക്കുന്നത്.വിലകുറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടിയാണ് വേങ്ങരയില്‍ പാര്‍ട്ടി തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്.തനിക്ക് ആരും ഇനി വോട്ടു ചെയ്യരുതെന്നും അനന്യ കുമാരി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

വേങ്ങരയടക്കം പത്ത് മണ്ഡലങ്ങളിലാണ് ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം പിന്‍മാറ്റം പ്രഖ്യാപിച്ചെങ്കിലും സ്ഥാനാര്‍ത്ഥി പട്ടികയില്‍ അനന്യകുമാരിയുടെ പേരുണ്ടാകും.ഇനിയും ജനങ്ങളെ പറ്റിക്കാന്‍ താല്‍പര്യമില്ല. ഇവരുടെ കള്ളക്കളികള്‍ക്ക് കൂട്ട് നില്‍ക്കാനാകില്ലെന്നും അനന്യ കുമാരി പറയുന്നു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ ഇടം കിട്ടാനായാണ് താന്‍ മത്സരിക്കാനിറങ്ങിയത്. ഡിഎസ്‌ജെപി നേതാക്കളുടെ ഉദ്ദേശം അറിയില്ലായിരുന്നു.