ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സ്മാരകത്തിന് സ്ഥലം വിട്ടു നൽകാത്ത വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര സർക്കാർ. മൻമോഹൻ സിങിന് സ്മാരകത്തിന് സ്ഥലം നൽകുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ട്രസ്റ്റ് രൂപീകരിച്ച് കൈമാറേണ്ട നടപടികളുള്ളതിനാലാണ് ഇപ്പോൾ യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിൽ മൻമോഹൻ സിങിന്റെ മൃതദേഹം സംസ്‌കരിക്കാൻ തീരുമാനിച്ചത്.
ഇപ്പോൾ ഉയരുന്നത് അനാവശ്യ വിവാദമാണ്. സ്മാരകങ്ങൾക്ക് സ്ഥലം നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത് യുപിഎ സർക്കാരിന്റെ കാലത്താണെന്നും കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ഒൻപതരയ്ക്ക് വിലാപയാത്രയായി മൃതദേഹം യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകും. പൂർണ സൈനിക ബഹുമതികളോടെ രാവിലെ 11.45നാണ് സംസ്‌കാര ചടങ്ങുകൾ തുടങ്ങുക.
മൻമോഹൻ സിംഗിന് സ്മാരകം നിർമ്മിക്കുന്ന സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്നായിരുന്നു കോൺഗ്രസ് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, സ്മാരകം നിർമ്മിക്കുന്ന സ്ഥലം ഏതെന്ന് അടുത്തയാഴ്ച അറിയിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്.