ന്യൂഡൽഹി: പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 20ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. നവംബർ 13നാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ നവംബർ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്.
വോട്ടെണ്ണൽ തീയതിയിൽ മാറ്റമുണ്ടായിരിക്കില്ല. നവംബർ 23ന് തന്നെയായിരിക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുക. പ്രാദേശിക സാംസാരിക പരിപാടികളും മതപരിപാടികളും നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ വോട്ടെടുപ്പിനെത്തുന്ന ആളുകളുടെ എണ്ണം കുറയുമെന്ന കാര്യം പരിഗണിച്ചുകൊണ്ടാണ് തീയതി മാറ്റമെന്നാണ് ഉത്തരവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതിക്ക് പുറമെ പഞ്ചാബിലെ നാലു മണ്ഡലങ്ങളിലെയും ഉത്തർ പ്രദേശിലെ ഒമ്പത് മണ്ഡലങ്ങളിലെയും വോട്ടെടുപ്പും നവംബർ 13ൽ നിന്ന് 20ലേക്ക് മാറ്റി.

