സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധം: എസ്‌പി സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം

തിരുവനന്തപുരം : പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട മുൻ എസ്പി എസ് സുജിത് ദാസിനെതിരേ കസ്റ്റംസ് അന്വേഷണം. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് അന്വേഷണം നടത്തുക. ഇത് സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.

ദുബായിൽ നിന്ന് സ്വർണം വരുമ്പോൾ ഒറ്റുകാർ വഴി സുജിത് ദാസിന് വിവരം കിട്ടാറുണ്ട് എന്നതടക്കമുള്ള ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്.
സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്ന സമയത്ത് നിരവധി തവണ സ്വർണക്കടത്ത് പിടികൂടിയിട്ടുണ്ട്. ഇത്തരത്തിൽ പിടിച്ചെടുത്ത സ്വർണത്തിന്റെ അളവുകളിൽ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത് വിശദമായി പരിശോധിക്കാനാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തീരുമാനിച്ചിരിക്കുന്നത്.