സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂർത്തിയാക്കിയിരിക്കും; അന്തിമ വിജയം സത്യത്തിനെന്ന് ജയസൂര്യ

കൊച്ചി : തനിക്കു നേരേ ഉയർന്ന ആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി ജയസൂര്യ. നിലവിൽ അമേരിക്കയിലുള്ള നടൻ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ഈ ആരോപണങ്ങൾ വ്യാജമാണെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും ജയസൂര്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഈ ആരോപണങ്ങൾ തന്നെയും കുടുംബത്തെയും വളരെയേറെ വേദനിപ്പിച്ചു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഇന്ന് തൻറെ ജന്മദിനമാണെന്നും ഈ ജന്മദിനം ഏറ്റവും ദുഖപൂർണ്ണമാക്കിയതിനും അതിൽ പങ്കാളികളായവർക്കും നന്ദി എന്നും ജയസൂര്യ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.