തിരുവനന്തപുരം: ഇരകൾക്ക് സമയബന്ധിതമായ നീതി ഉറപ്പാക്കുന്നതിന് പ്രത്യേക കോടതികൾ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഹൈക്കോടതിയിൽ എസ് സി/എസ്ടി (പിഒഎ) നിയമത്തിന് കീഴിലുള്ള കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതിയും അനധികൃത സാമ്പത്തിക തട്ടിപ്പുകൾ തടയുന്നത് സംബന്ധിച്ച BUDS നിയമത്തിന് കീഴിലുള്ള കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പട്ടികവിഭാഗങ്ങളുടെ കേസുകൾ വിചാരണ ചെയ്യുന്നതിന് എറണാകുളത്തും അനിയന്ത്രിത നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കായി ആലപ്പുഴയിലും സ്ഥാപിച്ച പ്രത്യേക കോടതികൾ നീതിന്യായ വ്യവസ്ഥയുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനും വഴിയൊരുക്കും. ഈ രാജ്യത്തിന്റെ സാമൂഹിക ചരിത്രത്തെക്കുറിച്ച് ശരിയായ ധാരണയില്ലാതെ ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുന്നവർ ആർട്ടിക്കിൾ 17 പോലുള്ള വ്യവസ്ഥ കാണുമ്പോൾ ആശയക്കുഴപ്പത്തിലാകും. തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെടുന്ന ചില ജാതികളിൽ ജനിച്ചതിനാൽ പാർശ്വവൽക്കരിക്കപ്പെട്ട വലിയൊരു ജനക്കൂട്ടത്തെ മോചിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ആർട്ടിക്കിൾ 17 ൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനാനന്തര കാലഘട്ടത്തിൽ ഇതുമായി ബന്ധപ്പെട്ട ആദ്യ ശ്രമം 1955 ലെ തൊട്ടുകൂടായ്മ (കുറ്റകൃത്യങ്ങൾ) നിയമം നടപ്പാക്കി. അതിന് പകരം 1955 ലെ പൗരാവകാശ സംരക്ഷണ നിയമം നിലവിൽ വന്നു. പക്ഷേ നിയമം നടപ്പാക്കിയപ്പോൾ അതിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഇത് അപര്യാപ്തമാണെന്ന് കണ്ടെത്തി. ഇത് 1989 ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം രൂപീകരിക്കാൻ കാരണമായി. പ്രതിരോധ വ്യവസ്ഥകൾ ഉണ്ടായിരുന്നിട്ടും, അന്വേഷണത്തിലെ നടപടിക്രമ കാലതാമസം, അറസ്റ്റ്, കുറ്റപത്രം സമർപ്പിക്കൽ, വിചാരണയിലെ കാലതാമസം തുടങ്ങിയ നിയമ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും ഇരകൾ അഭിമുഖീകരിക്കുന്ന ചില തടസങ്ങൾ ഇല്ലാതാക്കുന്നതിൽ നിയമം പരാജയപ്പെട്ടു. അതിനാൽ, പ്രത്യേക കോടതികൾക്ക് പുറമേ എക്സ്ക്ലൂസീവ് സ്പെഷ്യൽ കോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്ത 2016 ലെ ഒന്നാം ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ 1989 ലെ നിയമത്തിൽ സമഗ്രമായ ഭേദഗതികൾ കൊണ്ടുവന്നു. 2018ലെ 27-ാം നിയമത്തിലൂടെ ഈ നിയമം വീണ്ടും ഭേദഗതി ചെയ്തു. വേഗത്തിലുള്ള വിചാരണകൾ സുഗമമാക്കുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കാൻ നിയമത്തിലെ സെക്ഷൻ 14 വ്യവസ്ഥ ചെയ്യുന്നു. നെടുമങ്ങാട്, കൊട്ടാരക്കര, മണ്ണാർക്കാട്, മഞ്ചേരി, മാനന്തവാടി എന്നിവിടങ്ങളിൽ കേരളം ഇതിനകം അത്തരം അഞ്ച് പ്രത്യേക കോടതികൾ സ്ഥാപിച്ചു. എറണാകുളത്തെ പുതിയ കോടതി അത്തരത്തിലുള്ള ആറാമത്തെ പ്രത്യേക കോടതിയാണ്. പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള കേരളത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണിത്. സംസ്ഥാനത്തെ ജനസംഖ്യയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ മാനദണ്ഡ വിഹിതത്തേക്കാൾ കൂടുതൽ ബജറ്റ് വിഹിതം നൽകുന്ന സംസ്ഥാനം എന്ന നിലയിൽ അവർക്ക് നീതി ഉറപ്പാക്കാൻ അധിക കോടതികൾ സ്ഥാപിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അനിയന്ത്രിത നിക്ഷേപ പദ്ധതികൾ നിരോധിക്കുന്നതിനും നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്രമായ ഒരു ചട്ടക്കൂട് 2019 ലെ അനിയന്ത്രിത നിക്ഷേപ പദ്ധതികളുടെ നിരോധനം (BUDS നിയമം) വ്യവസ്ഥ ചെയ്യുന്നു. നിരപരാധികളായ വ്യക്തികളെ ചൂഷണം ചെയ്യുന്ന അനധികൃത പണ നിക്ഷേപ പദ്ധതികളുടെ വ്യാപനം കണക്കിലെടുക്കുമ്പോൾ, അത്തരം കുറ്റകൃത്യങ്ങളുടെ വിചാരണ വേഗത്തിലാക്കുന്നത് ഏറെ പ്രധാനമാണ്. ഈ നിയമനിർമ്മാണപ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾക്ക് വിധിനിർണ്ണയിക്കാൻ നിയുക്ത കോടതികൾ സ്ഥാപിക്കണമെന്ന് നിയമത്തിലെ സെക്ഷൻ 8 അനുശാസിക്കുന്നു. ഈ ലക്ഷ്യം മുൻനിർത്തിയാണ് ആലപ്പുഴയിൽ ഇത്തരം കോടതിക്ക് തുടക്കം കുറിക്കുന്നത്. ഈ നിയമപ്രകാരം കുറ്റവാളികളെ വേഗത്തിലും ഫലപ്രദമായും വിചാരണ ചെയ്യാൻ സഹായിക്കും. ഇത് നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രതയെയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന പരിഹാരങ്ങൾ സ്വീകരിക്കുമ്പോൾ, അവ ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതും പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരി ക്കുന്ന സമയത്ത് മുൻകരുതൽ കൂടുതൽ അനിവാര്യമാണ്. കേരളത്തിലെ ജുഡീഷ്യറിക്ക് ചരിത്രപരമായ ദിവസമാണിത്. കേരളത്തിലെ കോടതികളിൽ കൂടുതൽ സാങ്കേതിക വൈദഗ്ധ്യം ഉറപ്പാക്കുന്ന നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതിയുടെ കാലഘട്ടത്തിൽ, ജനങ്ങളെ സേവിക്കുന്ന ഒരു സംവിധാനത്തിനും സാങ്കേതികവിദ്യയിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. സർക്കാരിന്റെ എല്ലാ ഘടകങ്ങളും സാങ്കേതിക മുന്നേറ്റങ്ങളുമായി കൂടുതൽ പൊരുത്തപ്പെടേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

