ആലപ്പുഴ: വിവാഹത്തിനു മുമ്പ് വധുവിനും വരനും വിവാഹപൂർവ കൗൺസിലിംഗ് നിർബന്ധമാക്കണമെന്ന് കേരള വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വിവാഹം രജിസ്റ്റർ ചെയ്യാനായി വിവാഹപൂർവ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നുള്ള ശുപാർശ സംസ്ഥാന സർക്കാരിനു നൽകിയിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു. ആലപ്പുഴ ജില്ല പഞ്ചായത്ത് ജെൻഡർ പാർക്ക് ഓഡിറ്റോറിയത്തിൽ നടത്തിയ ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അഡ്വ. പി. സതീദേവി. വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിൽ പ്രീ മാരിറ്റൽ, പോസ്റ്റ് മാരിറ്റൽ കൗൺസിലിംഗ് നൽകി വരുന്നുണ്ട്.
കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ജില്ല അദാലത്തിൽ ഏറെയും വന്നത്. കുടുംബ പ്രശ്‌നങ്ങളിൽ കൗൺസിലിംഗ് നൽകാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായി സ്ഥിരം സംവിധാനം ആവശ്യമാണ്. ദമ്പതിമാർക്കിടയിലെ പ്രശ്‌നങ്ങളിൽ ബന്ധുക്കളിടപെടുമ്പോൾ അവ കൂടുതൽ സങ്കീർണമാകുന്നു. കുടുംബപ്രശ്‌നങ്ങൾ സ്്ത്രീകളെ വിഷാദരോഗത്തിലെത്തിക്കുന്നുവെന്ന പരാതികളും കിട്ടുന്നുണ്ട്. ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യകാര്യങ്ങളിലും സ്ത്രീകൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് കമ്മിഷൻ നിർദേശിച്ചു.
വഴി പ്രശ്‌നം, മാലിന്യം വലിച്ചെറിയുന്നത് തുടങ്ങി അയൽവാസികൾ തമ്മിലുള്ള പ്രശ്‌നങ്ങളും ജില്ല അദാലത്തിൽ പരിഗണിച്ചു. തർക്കത്തിന്റെ ഭാഗമായി സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ നടത്തിയതിനെതിരായ പരാതികളുമുണ്ട്. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും പരാതിയായി എത്തി. തൊഴിലിടങ്ങളിൽ നിർബന്ധമായും ഉണ്ടാകേണ്ട പരാതി പരിഹാര കമ്മിറ്റികൾ പലയിടങ്ങളിലും ഇല്ലായെന്നത് കമ്മിഷൻ ഗൗരവമായി കാണുന്നതായി അധ്യക്ഷ പറഞ്ഞു.
കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കും. കൗമാരക്കാർക്ക് ഉണർവ് എന്നപേരിൽ വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. വിവിധ മേഖലകളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിന് പബ്ലിക് ഹിയറിംഗ് നടത്തും. ആശ പ്രവർത്തകർക്കുള്ള പബ്ലിക് ഹിയറിംഗ് ഈ മാസം 18 ന് ആലപ്പുഴ ജെൻഡർ പാർക്കിൽ നടക്കും.
കമ്മിഷൻ അംഗം വി.ആർ. മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ ഐപിഎസ്, അഭിഭാഷകർ, കൗൺസിലർമാർ തുടങ്ങിയവർ അദാലത്തിൽ പരാതികൾ കേട്ടു. 80 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 22 കേസുകൾ തീർപ്പാക്കി. എട്ട് പരാതികളിൽ പോലീസിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. രണ്ട് കേസുകൾ നിയമ സഹായത്തിനായി ലീഗൽ സർവീസ് അതോറിറ്റിയിലേക്ക് ശുപാർശ ചെയ്തു. രണ്ട് കേസുകളിൽ വാർഡുതല ജാഗ്രത സമിതിയോട് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. 43 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി.

