അടിസ്ഥാനരഹിതമായ ആരോപണം; ശശി തരൂരിനെതിരെ മാനനഷ്ടക്കേസ് നൽകി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ ഡൽഹി കോടതിയിൽ മാനനഷ്ടക്കേസ് നൽകി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തരൂർ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് കേസ് നൽകിയിരിക്കുന്നത്. തരൂരിന്റെ പ്രസ്താവനകൾ അപകീർത്തികരവും മാനഹാനി ഉണ്ടാക്കുന്നതുമാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇക്കാരണത്താലാണ് മാനനഷ്ട കേസ് നൽകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

തരൂർ വാർത്താ ചാനലിലൂടെ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ തെളിയിക്കുന്നതിൽ തരൂർ പരാജയപ്പെട്ടതായും ഹർജിയിൽ പറയുന്നു. ആരോപണം ഉയർത്തിയതിന് പിന്നാലെ ഏപ്രിൽ ഒൻപതാം തിയതി തരൂരിന് വക്കീൽ നോട്ടീസ് നൽകിയിരുന്നു. തെറ്റായ പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. എന്നാൽ തരൂർ നോട്ടീസിനോട് പ്രതികരിക്കുകയോ പ്രസ്താവന പിൻവലിക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം ഹർജിയിൽ പറയുന്നു.

രാജീവ് ചന്ദ്രശേഖർ വോട്ടിന് പണം നൽകുന്നുണ്ടെന്ന് പലരും തന്നോട് പറഞ്ഞതെന്നായിരുന്നു ശശി തരൂരിന്റെ ആരോപണം.