തിരുവനന്തപുരം: ഉരുൾപൊട്ടലിലുണ്ടായ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഇൻഷൂറൻസ് ക്ലെയിമുകൾ നേടിയെടുക്കുന്നതിൽ ദുരന്തബാധിതരെ സഹായിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി. മന്ത്രിസഭാ ഉപസമിതിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ കെ ഗോപിനാഥ് ചെയർമാനായ പ്രത്യേക ദൗത്യസംഘം ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങി.
അർഹമായ ക്ലെയിമുകൾ എത്രയും വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികളാണ് പ്രത്യേക ദൗത്യസംഘം സ്വീകരിക്കുക. ഇതിനായി വിവിധ വകുപ്പുകളുമായി ചേർന്ന് വിവരണശേഖരണം നടത്തും. ദുരന്തത്തിനിരയായവർ എടുത്തിട്ടുള്ള ഇൻഷൂറൻസ് പോളിസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിനായി തയ്യാറാക്കും. ദുരന്തത്തിനിരയായവരുടെ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്ന ബന്ധുക്കൾ, ഇൻഷൂറൻസ് പദ്ധതികൾ നടപ്പിലാക്കുന്ന വിവിധ സർക്കാർ വകുപ്പുകൾ, സ്വകാര്യ ഇൻഷൂറൻസ് കമ്പനികൾ, സ്ഥാപനങ്ങൾ, ഏജൻസികൾ, ഇൻഷൂറൻസ് ഏജന്റുമാർ തുടങ്ങിയവരുമായി ബന്ധപ്പെട്ടാണ് വിവരങ്ങൾ ശേഖരിക്കുക.
ഗ്രാമപഞ്ചായത്തുകൾ, വില്ലേജ് ഓഫീസുകൾ എന്നിവയുടെ സഹകരണവും ഇതിനായി ഉപയോഗപ്പെടുത്തും. ലൈഫ് പോളിസികൾ, വാഹനങ്ങൾ, വീട്, കൃഷി, മൃഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇൻഷൂറൻസുകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കണ്ടെത്തും. തുടർന്ന് ഇൻഷൂറൻസ് ക്ലെയിമുകൾക്ക് അർഹതയുള്ളവരുടെ പട്ടിക തയ്യാറാക്കും. ശേഖരിച്ച വിവരങ്ങൾ സംസ്ഥാനതല നോഡൽ ഓഫീസർ മുഖേന നടപടികൾക്കായി കൈമാറും.
ലീഡ് ബാങ്ക് ജില്ലാ മാനേജർ, വ്യവസായ കേന്ദ്രം ജില്ലാ മാനേജർ, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടർ, എന്നിവർ ടാസ്‌ക് ഫോഴ്‌സിൽ അംഗങ്ങളാണ്. സിവിൽ സ്റ്റേഷൻ ആസൂത്രണ ഭവൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥിതിവിവരണ കണക്ക് വിഭാഗം ഓഫീസ് കേന്ദ്രീകരിച്ചാണ് ടാസ്‌ക് ഫോഴ്സിന്റെ പ്രവർത്തനം. ഫോൺ 7012022929, 6238694256.

