ചണ്ഡിഗഡ്: പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളും ഇന്ത്യൻ പാർലമെന്റിൽ നിർമിച്ച ഇന്ത്യൻ നിയമങ്ങളാണെന്ന് അദ്ദേഹം കേന്ദ്രമന്ത്രി അമിത് ഷാ. ഇതിൽ ശിക്ഷിക്കാനുള്ള വ്യവസ്ഥകളില്ലെന്നും പകരം നീതി ഉറപ്പുവരുത്തുകയാണെന്നും അതിനാൽ ഇത് ശിക്ഷാ നിയമമല്ല നീതി നിയമമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി പ്രാബല്യത്തിൽ വന്ന മൂന്ന് ക്രിമിനൽ നിയമങ്ങൾ നീതി നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ചണ്ഡിഗഡിൽ ന്യായ് സേതു, ന്യായ് ശ്രുതി തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ശിക്ഷിക്കാനുള്ള നിയമങ്ങളല്ല, മറിച്ച് ജനങ്ങൾക്ക് നീതി ഉറപ്പാക്കാനുള്ള നിയമങ്ങളാണിതെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ നിരവധി വികസന പ്രവർത്തനങ്ങളും പരിഷ്കാരങ്ങളുമാണ് മോദി സർക്കാർ രാജ്യത്തിനായി ചെയ്തത്. അതിൽ ഏറ്റവും വലിയ പരിഷ്കാരമേതെന്ന് ചോദിച്ചാൽ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കിയതാണെന്ന് നിസംശയം പറയാം. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക് സുരക്ഷ ( ബിഎൻഎസ്എസ്) ഭാരതീയ സാക്ഷ്യ അധിനിയം (ബിഎസ്എ) എന്നിവയാണ് പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ. ഈ മൂന്ന് നിയമങ്ങളും രൂപീകരിച്ചത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണെന്ന് താൻ അഭിമാനത്തോടെ പറയുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊളോണിയൽ കാലഘട്ടത്തിലെ ക്രിമിനൽ നിയമങ്ങൾ പരിഷ്കരിച്ചുകൊണ്ടാണ് മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾക്ക് ഇന്ത്യൻ പാർലമെന്റ് അംഗീകാരം നൽകിയത്. ഇതിലൂടെ ജനനീതി ഉറപ്പുവരുത്തുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

