തിരുവനന്തപുരം: വൈദ്യുതി അപകടങ്ങളുടെ മുഖ്യകാരണം അശ്രദ്ധ, അജ്ഞത, അലംഭാവം എന്നിവയാണെന്നും ഇത് മറികടക്കാൻ ബോധവത്ക്കരണം ഊർജ്ജിതമാക്കണമെന്നും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർക്ക് ഇതിൽ മുഖ്യ പങ്ക് വഹിക്കാനാകുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി അപകട രഹിത ഡിവിഷനുള്ള പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങൾക്കുണ്ടാകുന്ന വൈദ്യുതി അപകടങ്ങളിൽ നല്ലൊരു പങ്ക് വൈദ്യുതി ലൈനുകൾക്കുസമീപം ലോഹത്തോട്ടി ഉപയോഗിക്കുമ്പോഴാണ് സംഭവിക്കുന്നത്. ലോഹത്തോട്ടി ഒഴിവാക്കുവാൻ ശക്തമായ പ്രചരണം ആവശ്യമാണ്. കൂടാതെ വീടുകൾക്കുള്ളിലുള്ള അപകടങ്ങളും കൂടി വരുന്നു. അപകടങ്ങൾ കുറക്കുന്നതിനായി നിശ്ചിത റേറ്റിംഗുള്ള ആർസിസിബി അഥവ ഇഎൽസിബി സ്ഥാപിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് വാർഡ് അടിസ്ഥാനത്തിൽ അതത് ഇലക്ട്രിക്കൽ സെക്ഷനിലെ ഓവർസീയർ കൺവീനറും വാർഡ് അംഗം ചെയർമാനുമായി വാർഡ്തല ഉപദേശക സമിതി സംസ്ഥാനത്താകെ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം സമിതികൾ വാർഡ് അടിസ്ഥാനത്തിൽ ഉണ്ടാകുന്ന വൈദ്യുതി സുരക്ഷാ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് അവയ്ക്ക് പരിഹാരം ഉണ്ടാക്കും.
വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിന് ഓരോ സെക്ഷൻ ഓഫീസിൽ നിന്നും ലൈൻമാൻ, ഇലക്ട്രിസിറ്റി വർക്കർ വിഭാഗത്തിൽപ്പെട്ട രണ്ട് പേർക്ക് ഒരു മാസം നീണ്ടു നിൽക്കുന്ന ഊർജ്ജിത സുരക്ഷാ പരിശീലന പരിപാടി നടത്തുവാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു. ദുർഘട പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ട് ചെന്ന് പ്രവൃത്തികളിലേർപ്പെടുന്നതിലെ കാലതാമസം, ചെലവ്, ബുദ്ധിമുട്ട് എന്നിവ കുറച്ചുകൊണ്ട് ഫീഡർ തകരാർ ഇല്ലാത്ത ഭാഗങ്ങളിൽ വൈദ്യുതി പെട്ടെന്ന് പുനസ്ഥാപിക്കാനുള്ള റിമോട്ട് ഓപ്പറേറ്റിംഗ് സപ്പോർട്ട് സംവിധാനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

