ശ്രീനഗർ: ജമ്മു കശ്മീർ ഇന്ന് വികസിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെ പി നദ്ദ. ജമ്മുവിൽ രണ്ട് എയിംസിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകോത്തര ആശുപത്രിയായിരിക്കും ജമ്മുവിലേത്. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ചികിത്സയ്ക്കായി ചണ്ഡീഗഢ്, അമൃത്സർ, അല്ലെങ്കിൽ ഡൽഹി എന്നിവിടങ്ങളിൽ പോകേണ്ടിവരാത്ത ഒരു കാലം വിദൂരമല്ലെന്ന് അദ്ദേഹം അറിയിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ രണ്ട് കോടി പേരാണ് കഴിഞ്ഞ വർഷം ജമ്മു കശ്മീർ സന്ദർശിച്ചത്. കശ്മീർ താഴ്വരയിൽ അടിക്കടിയുള്ള ബന്ദുകളും പണിമുടക്കുകളും പ്രക്ഷോഭങ്ങളും ചരിത്രമായി മാറി. യുപിഎ സർക്കാരിന്റെ കാലത്ത് വ്യാപകമായി അഴിമതി കാരണം രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കി. നേരത്തെ അതിർത്തിക്കപ്പുറത്തേക്ക് പ്രതിരോധിക്കാനും തിരിച്ച് വെടിവയ്ക്കാനുമായി പ്രത്യേക അനുമതി ആവശ്യമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറിയെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾ ഇപ്പോൾ സമാധാനപരമായ ജീവിതം നയിക്കുന്നു. ഇതാണ് മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ കഴിയുന്ന ഏതൊരു ഭീകരനെയും ഒരാഴ്ചയ്ക്കുള്ളിൽ നിർവീര്യമാക്കുമെന്നും ജെ പി നദ്ദ പറഞ്ഞു.

