തിരുവനന്തപുരം: ടൂറിസം മേഖലയെ രാഷ്ട്രീയ, ജാതി-മത ചിന്തകൾക്ക് അതീതമായി വിപുലീകരിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസനത്തിൽ ആരും രാഷ്ട്രീയം കലർത്തരുതെന്ന് അദ്ദേഹം പറഞ്ഞു. കേരള ടൂറിസം ഡെവലപ്‌മെന്റ് അസോസിയേഷൻ ഭാരവാഹികളുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളത്തിന് ടൂറിസം വികസനത്തിൽ വളരെ വലിയ സാധ്യതകളാണുള്ളത്. അത് ശരിയായി ഉപയോഗിക്കാൻ ഇത്രയും നാളായിട്ടും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ സ്പിരിച്വൽ ടൂറിസം മേഖലയ്ക്ക് വളരെ വലിയ സാധ്യതകളാണുള്ളത്. പുതിയ സ്പിരിച്വൽ ടൂറിസം സർക്യൂട്ടുകൾ കേരളത്തിലും ദക്ഷിണേന്ത്യയിലും രേഖപ്പെടുത്തി അന്തർദേശീയ തലത്തിൽ മാർക്കറ്റ് ചെയ്യാൻ ടൂർ ഓപ്പറേറ്റർമാർ തയ്യാറാകണം. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

