തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ടി പി കേസ് പ്രതികളായ സിപിഎം ക്രിമിനലുകൾക്ക് ശിക്ഷാ ഇളവ് നൽകാൻ രഹസ്യ നീക്കമാണ് സർക്കാർ നടത്തിയതെന്ന് വി ഡി സതീശൻ പറഞ്ഞു. നിയമസഭയിൽ ഇക്കാര്യം ചർച്ച ചെയ്യാൻ സർക്കാരിന് ഭയമാണെന്നും അദ്ദേഹം ആരോപിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിപിഎം ക്രിമിനലുകൾക്ക് ആരെ വേണമെങ്കിലും കൊല്ലാം. സംരക്ഷിക്കാൻ ഒരു സർക്കാരുണ്ട്. അധികാരം ഉപയോഗിച്ച് എന്തും ചെയ്യുമെന്ന സമീപനം നടക്കില്ല. ടി പി വധക്കേസ് പ്രതികൾക്കു ശിക്ഷായിളവു നൽകാനുള്ള നീക്കത്തിനെതിരെ കെ കെ രമ നൽകിയ അടിയന്തര പ്രമേയ നോട്ടിസ് തള്ളിയത് ദൗർഭാഗ്യകരമായ നടപടിയാണ്. മുഖ്യമന്ത്രി സഭയിൽ മറുപടി പറയേണ്ട കാര്യത്തിൽ സ്പീക്കർ മറുപടി പറഞ്ഞതിൽ അനൗചിത്യമുണ്ട്. വ്യക്തമായ രേഖകൾ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. കണ്ണൂരിലെ ജയിൽ സൂപ്രണ്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് അയച്ച കത്തിൽ ശിക്ഷായിളവു നൽകേണ്ട പ്രതികളുടെ പട്ടിക ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
20 വർഷം ഇവർക്ക് യാതൊരു ശിക്ഷാ ഇളവും കൊടുക്കരുതെന്നാണ് ഹൈക്കോടതി പറഞ്ഞിട്ടുള്ളത്. ഇത്രയും ക്രൂരമായ കുറ്റകൃത്യം എന്തിനു വേണ്ടി, ആർക്ക് ചെയ്യാൻ പറ്റും എന്നും കോടതി ചോദിച്ചു. 2018ൽ ഹൈക്കോടതി ശിക്ഷായിളവ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ നിർദേശിച്ച് ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ 2018ൽ പുറത്തിറക്കിയ ഉത്തരവിൽ രാഷ്ട്രീയ കൊലക്കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്ക് 14 വർഷം കഴിയാതെ ശിക്ഷാ ഇളവ് നൽകരുതെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ 2022ൽ ഈ ഉത്തരവ് തിരുത്തി. രാഷ്ട്രീയ കൊലക്കേസുകളിലെ പ്രതികൾക്കും ഇളവ് നൽകാമെന്ന് ഉത്തരവിട്ടു. എത്ര കാലയളവ് വേണമെങ്കിലും ഇവർക്കു പരോൾ കൊടുക്കാമെന്ന അവസ്ഥയുണ്ടാക്കി. ആ ഉത്തരവിന്റെ ഉദ്ദേശ്യം തന്നെ ടിപി കേസ് പ്രതികൾക്കു ശിക്ഷാ ഇളവു നൽകുക എന്നതാണെന്ന് വി ഡി സതീശൻ അറിയിച്ചു.
ഇപ്പോൾ സ്പീക്കർ പറയുന്നത് സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതാണ്. എന്നാൽ കത്തുകൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. ശിക്ഷാ ഇളവു നൽകുമ്പോൾ ഇരകളുടെ കുടുംബത്തോടും അഭിപ്രായം തേടണമെന്നുണ്ട്. ഇവിടെ പൊലീസ് ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ മൊഴിയെടുത്തിട്ടുണ്ട്. അപ്പോൾ നടപടിക്രമങ്ങളുമായി പൊലീസ് മുന്നോട്ടു പോകുകയായിരുന്നുവെന്നു വ്യക്തം. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് എങ്ങനെയാണു സർക്കാരിനു വേണ്ടി സ്പീക്കർ പറയുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

