ലാബ് പരിശോധനയ്ക്കു ശേഷംമാത്രം ആന്റിബയോട്ടിക്കുകൾ എഴുതിയാൽ മതി; ഡോക്ടർമാർക്ക് നിർദ്ദേശം

തൃശ്ശൂർ: ലാബ് പരിശോധനയ്ക്കു ശേഷംമാത്രം ആന്റിബയോട്ടിക്കുകൾ എഴുതിയാൽ മതിയെന്ന് ഡോക്ടർമാരോട് നിർദേശിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ. യുക്തിപരമല്ലാത്ത ഉപയോഗംമൂലം ഔഷധങ്ങൾക്ക് ഗുണം ലഭിക്കാത്ത സ്ഥിതി ഒഴിവാക്കാനാണ് പുതിയ നിർദ്ദേശം. കഫ പരിശോധന, അണുബാധ കണ്ടെത്തുന്നതിനുള്ള കൾച്ചർ ടെസ്റ്റുകൾ എന്നിവയാണ് വേണ്ടതെന്നാണ് നിർദ്ദേശം.

ലാബ് പരിശോധനകളുടെ ഫലം വിലയിരുത്തിയ ശേഷം മാത്രമേ മരുന്നുകൾ നിർദേശിക്കാവൂ. മരുന്നുകൾ നിർദേശിക്കുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡം വിവരിക്കുന്ന ടൂൾ കിറ്റും കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്.

ഗുരുതര രോഗബാധയുള്ളവർക്ക് ആന്റിബയോട്ടിക്കുകൾ പരിമിതപ്പെടുത്തണമെന്നതാണ് പ്രധാന നിർദ്ദേശമായി മുന്നോട്ടുവെച്ചിരിക്കുന്നത്. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ആശുപത്രി അധികാരികൾ എന്നിവരൊക്കെ ജാഗ്രത പുലർത്തണം.