വീണ വിജയൻ അനാഥാലയങ്ങളിൽ നിന്ന് എല്ലാ മാസവും പണം കൈപ്പറ്റി; ആരോപണവുമായി മാത്യുകുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് എതിരെ വീണ്ടും ആരോപണം ഉന്നയിച്ച് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ. വീണ വിജയൻ അനാഥാലയങ്ങളിൽ നിന്ന് എല്ലാ മാസവും പണം കൈപ്പറ്റിയെന്നും രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാണെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വ്യവസായ വകുപ്പിന്റെ ചർച്ച പുരോഗമിക്കവെയാണ് നിയമസഭയിൽ മാത്യുകുഴൽനാടൻ മാസപ്പടി ആരോപണം ഉന്നയിച്ചത്.

മുമ്പ് താൻ മാസപ്പടിയുടെ കാര്യത്തിൽ പറഞ്ഞതിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെന്നാണ് മാത്യു കുഴൽനാടൻ വ്യക്തമാക്കിയത്. ഇതിനിടെ എംഎൽഎയുടെ പ്രസംഗത്തിൽ സ്പീക്കർ ഇടപെട്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ സാധിക്കില്ലെന്നായിരുന്നു സ്പീക്കർ സ്വീകരിച്ച നിലപാട്.

മാസപ്പടി വിഷയത്തിൽ ഹൈക്കോടതി മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും പി.വി എന്നത് പിണറായി വിജയൻ അല്ലെന്ന് തെളിയിച്ചാൽ തന്റെ എംഎൽഎ പദവി രാജിവയ്ക്കുമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.