മന്ത്രിയെ കാത്തിരുന്ന് പരിപാടി തുടങ്ങാൻ വൈകി: വേദിയിൽ നിന്നും ഇറങ്ങിപ്പോയി ജി സുധാകരൻ

ആലപ്പുഴ: സിബിസി വാര്യർ അനുസ്മരണപരിപാടി വേദിയിൽ നിന്നും ഇറങ്ങിപ്പോയി മുൻമന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. പരിപാടി തുടങ്ങാൻ വൈകിയതിൽ പ്രതിഷേധിച്ചാണ് ജി സുധാകരൻ വേദിയിൽ നിന്നും ഇറങ്ങിപ്പോയത്. മന്ത്രി സജി ചെറിയാനാണ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കാനിരുന്നത്. എന്നാൽ, ഉദ്ഘാടകനായ മന്ത്രി സജി ചെറിയാൻ എത്താൻ വൈകിയതോടെയാണ് പരിപാടി നീണ്ടു പോകുകയായിരുന്നു.

പരിപാടി തുടങ്ങേണ്ടസമയം കഴിഞ്ഞ് ഒരുമണിക്കൂർ കഴിഞ്ഞിട്ടും മന്ത്രി എത്താതായതോടെ സുധാകരൻ പിണങ്ങിപ്പോയെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ പത്തുമണിക്കായിരുന്നു അനുസ്മരണപരിപാടിയുടെ ഉദ്ഘാടനം നടക്കേണ്ടത്. 11 മണിവരെ ജി. സുധാകരൻ വേദിയിൽ ഇരുന്നു. മന്ത്രിക്ക് പുറമേ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസറും പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നു.

നിശ്ചയിച്ച സമയത്തിന് അൽപം മുമ്പേ തന്നെ ജി. സുധാകരൻ പരിപാടികൾക്ക് എത്താറുണ്ട്. പത്ത് മണിക്ക് മുമ്പ് തന്നെ സുധാകരൻ ശനിയാഴ്ചത്തെ പരിപാടിക്കെത്തി. എന്നാൽ, സംഘാടകരേയോ പ്രവർത്തകരേയോ കണ്ടില്ല. അരമണിക്കൂറോളം അദ്ദേഹം വേദിയിൽ തുടർന്നു. പരിപാടി തുടങ്ങാൻ വൈകുന്നതിൽ അദ്ദേഹം ജില്ലാ സെക്രട്ടേറിയറ്റ്- ഏരിയ കമ്മിറ്റി അംഗങ്ങളോട് അമർഷം വേദിയിൽവെച്ചുതന്നെ പ്രകടിപ്പിച്ചുവെന്നും പിന്നീടും അദ്ദേഹം 20 മിനിറ്റോളം വേദിയിൽ തുടർന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം.

വേദിവിട്ടിറങ്ങിയ ജി സുധാകരനെ അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, ജില്ലാപഞ്ചായത്തംഗവും ഏരിയാ കമ്മിറ്റി നേതാവും ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പിന്നീട് അഞ്ചുമിനിറ്റിന് ശേഷം പരിപാടി തുടങ്ങി. മന്ത്രി സജി ചെറിയാന് ഔദ്യോഗികമായ തിരക്കുകൾ ഉള്ളതിനാൽ എത്താൻ കഴിയില്ലെന്നാണ് പിന്നീട് സംഘാടകർ അറിയിച്ചത്. അതേസമയം, ചാരുംമൂട്ടിൽ നേരത്തെ നിശ്ചയിച്ച മറ്റൊരു പരിപാടി ഉണ്ടായിരുന്നതിനാലാണ് വേദിവിട്ടിറങ്ങിയതെന്നാണ് സുധാകരൻ വ്യക്തമാക്കുന്നത്.