ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 8 മാവോയിസ്റ്റുകളെ വധിച്ചു, ഒരു സൈനികന് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. 8 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അബുജമാർഹിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിനിടെ ഒരു സൈനികൻ വീരമൃത്യു വരിച്ചു. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ സൈന്യവും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. നാരായണൻപൂർ, ബിജാപൂർ, ദന്തേവാഡാ തുടങ്ങിയ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മലമ്പ്രദേശമാണ് അബുജമാർഹ്. ഈ പ്രദേശം മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമാണ്.

ഛത്തീസ്ഗഡിലെ നാല് ജില്ലകളിൽ നിന്നുള്ള സംയുക്ത സേന മേഖലയിൽ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് വെടിവെപ്പും തുടർന്ന് ഏറ്റുമുട്ടലും ഉണ്ടായത്. ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് എന്നിവർ ഉൾപ്പെടുന്ന സംയുക്ത സൈന്യമാണ് മേഖലയിൽ മാവേസ്റ്റുകൾക്കായി തിരച്ചിൽ നടത്തിയത്. സംഭവത്തിന്റെ പിന്നാലെ മേഖലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.