തൃശൂർ: തൃശൂരിലും പാലക്കാടും ഭൂചലനം. നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 8.15ഓടെയായിരുന്നു സംഭവം. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിച്ചത്.
ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട് പതിമൂന്നാം വാർഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എവിടെയാണെന്ന കാര്യം വ്യക്തമായിട്ടില്ല. വേലൂർ, മുണ്ടൂർ, എരുമപ്പെട്ടി കരിയന്നൂർ, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പ്രകമ്പനം മൂന്ന് മുതൽ നാല് സെക്കന്റ് വരെ നീണ്ടു നിന്നു.
ഭൂചലനം അനുഭവപ്പെട്ട ചില വീടുകളിൽ അടുക്കളയിലെ പാത്രങ്ങളും വീട്ടുപകരണങ്ങളും ഉൾപ്പടെ താഴെ വീണു. ചിലർ ഭൂചലനം അനുഭവപ്പെട്ടപ്പോൾ വീടിന് പുറത്തേക്കിറങ്ങിയോടി. അതേസമയം, ഭൂചലനം ഉണ്ടായ മേഖലകളിൽ ഉദ്യോഗസ്ഥ സംഘമെത്തി പരിശോധന നടത്താൻ ജില്ലാ ഭരണകൂടം നിർദ്ദേിച്ചു. തഹസിൽദാരുടെയും ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

