ന്യൂഡൽഹി: സുനിത കേജ്രിവാളിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഉൾപ്പെട്ട കോടതി നടപടികളുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വിഡിയോ അടങ്ങുന്ന പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് എക്‌സ്, യുട്യൂബ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമ കമ്പനികളോടും കോടതി നിർദ്ദേശിച്ചു.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരിക്കുന്നത് ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഇഡി അറസ്റ്റു ചെയ്ത കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കിയ സമയത്തെ വിഡിയോയാണ്. സുനിത കെജ്രിവാളും ഈ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. കോടതിയുടെ വിഡിയോ കോൺഫൻസ് നിയമങ്ങൾ ലംഘിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വൈഭവ് സിങ് ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിക്കവെയാണ് എത്രയും വേഗം വിഡിയോ നീക്കം ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചത്.

