സാധ്യമായ എല്ലാ പിന്തുണയും നൽകും; ഇന്ത്യയുടെ ഒളിമ്പിക്സ് തയ്യാറെടുപ്പുകൾ വിലയിരുത്തി കേന്ദ്ര കായികമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ ഒളിമ്പിക്സ് തയ്യാറെടുപ്പുകൾ വിലയിരുത്തി കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ(ഐ.ഒ.എ) പ്രസിഡന്റ് പി ടി ഉഷ ഉൾപ്പെടെയുള്ളവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വ്യാഴാഴ്ച ഐഒഎ ഭവനിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

120 താരങ്ങൾ പാരീസ് ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പി ടി ഉഷ പ്രതികരിച്ചു. ജൂലൈ 26-മുതലാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്. കേന്ദ്ര സഹമന്ത്രി രക്ഷ ഖദ്സെ, സ്പോർട്സ് സെക്രട്ടറി സുജാത ചതുർവേദി, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ സന്ദീപ് പ്രദാൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഒളിമ്പിക്സിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളെ കുറിച്ച് ഇവർ മന്ത്രിയോട് വിശദീകരിച്ച് നൽകി.

ആദ്യമായി ഐഒഎ അധികൃതരെ സന്ദർശിച്ചെന്നും പാരീസ് ഒളിമ്പിക്സിനായുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പുകൾ അവർ വിശദീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. സാധ്യമായ എല്ലാ പിന്തുണയും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മൻസുഖ് മാണ്ഡവ്യ കൂട്ടിച്ചേർത്തു.