പോക്‌സോ കേസ്; ബിഎസ് യെദിയൂരപ്പയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

ബെംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. പോക്‌സോ കേസുമായി ബന്ധപ്പെട്ടാണ് നടപടി. ബെംഗളൂരു കോടതിയാണ് ബി എസ് യെദിയൂരപ്പക്കെതിരെ പോക്‌സോ കേസിൽ അറസ്റ്റ് വാറന്റ് പുറത്തിറക്കിയത്.

നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു യെദിയൂരപ്പ നൽകിയ മറുപടി. പോക്‌സോ കേസ് ആയതിനാൽ ജൂൺ 15-ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാണിച്ച് അന്വേഷണ സംഘം നൽകിയ നോട്ടീസിന് മറുപടി നല്കാത്തതിനെ തുടർന്നാണ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറത്തിറക്കിയത്.

ഫെബ്രുവരി 2-ന് വീട്ടിൽ അമ്മയോടൊപ്പം എത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള പരാതി. അതേസമയം, കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി യെദിയൂരപ്പ കർണാടക ഹൈക്കോടതിയെ സമീപിച്ചു.