തിരുവനന്തപുരം: പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ച് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. വടകരയിൽ നിന്ന് ലോക്സഭാംഗമായി ഷാഫി പറമ്പിൽ വിജയിച്ചിരുന്നു. തുടർന്നാണ് എംഎൽഎ സ്ഥാനം രാജിവെച്ചത്. സ്പീക്കർ എ എൻ ഷംസീറിന്റെ ഓഫീസിൽ നേരിട്ടെത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.
ഷാഫി പറമ്പിൽ രാജിവെച്ചതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. പാർലമെന്റിലേക്ക് പോകുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചതെന്നും ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്.

