നീറ്റ് പരീക്ഷ ക്രമക്കേട്; നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ ഇടപെട്ട് സുപ്രീം കോടതി. സംഭവവുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് കോടതി അറിയിച്ചു. നോട്ടീസിന് മറുപടി നൽകണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.

10 പേരാണ് നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് ഹർജിയുമായി കോടതിയെ സമീപിച്ചത്. പരീക്ഷയിലെ ക്രമക്കേടിനെതിരെ ഡൽഹിയിൽ വിദ്യാർഥി സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു. എസ്എഫ്‌ഐ ഉൾപ്പെടെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ ഇടതു വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

നീറ്റ് പരീക്ഷ നടത്തിപ്പിലെ അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണം, സർവകലാശാലകൾക്ക് പ്രവേശന പരീക്ഷകൾ നടത്താനുള്ള സ്വയം ഭരണാധികാരത്തിൽ കൈ കടത്തരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇവർ നിവേദനം നൽകിയത്. ഇതിനിടെ ഭരണാനുകൂല വിദ്യാർഥി സംഘടനയായ എബിവിപി എൻടിഎ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. എബിവിപി ഭാരവാഹികൾ എൻടിഎ ഡയറക്ടറെ കണ്ടു നിവേദനം നൽകി. എംഎസ്എഫും ഡൽഹിയിൽ പ്രതിഷേധം നടത്തിയത്.