ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്സ് സർവകാല റെക്കോർഡിലേക്ക് ഉയർന്നു

മുംബൈ: ഓഹരി വിപണി സർവകാല റെക്കോർഡിൽ. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിനത്തിലെ വീഴ്ചയ്ക്ക് ശേഷം ഇന്ന് ആദ്യമായി ഓഹരി വിപണി സർവകാല ഉയരത്തിലെത്തിയിരിക്കുകയാണ്. ഇന്ന് സെൻസെക്‌സ് 1600 ലധികം പോയിന്റ് ഉയർന്നു 76787 എന്ന റെക്കോർഡ് കരസ്ഥമാക്കി. നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

മോദി തരംഗം ആഞ്ഞടിക്കുമെന്ന സൂചനയിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതോടെ ഓഹരി വിപണി സർവ്വകാല റെക്കോർഡിട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടു കൂടി മോദി പ്രഭാവത്തിനേറ്റ തിരിച്ചടി ഓഹരി വിപണിയിലും പ്രതിഫലിച്ചു. നാല് വർഷത്തെ ഏറ്റവും വലിയ തകർച്ചയാണ് വിപണി നേരിട്ടത്. പിന്നീട് ഇന്നാണ് ഓഹരി വിപണി നേട്ടത്തിലേക്ക് തിരികെ എത്തിയത്.

നരേന്ദ്ര മോദിയെ മൂന്നാം തവണയും നയിക്കാൻ എൻഡിഎ സഖ്യകക്ഷികൾ പിന്തുണ അറിയിച്ചതോടെ സർക്കാർ രൂപീകരണത്തിൽ വ്യക്തത വന്നതാണ് വിപണി വികാരത്തെ ഉയർത്താൻ സഹായിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.