ന്യൂഡൽഹി: ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിർമലാ സീതാരാമനും തിരഞ്ഞെടുപ്പ് കാലത്ത് ഓഹരി വിപണിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനകളിലൂടെ ഓഹരി വിപണിയിൽ ബി.ജെ.പി. നേതാക്കൾ കൃത്രിമം കാണിക്കാൻ ശ്രമിച്ചുവെന്നും ഇത് ഓഹരി കുംഭകോണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘വ്യാജ’ ഏക്സിറ്റ് പോൾ ഫലങ്ങൾക്ക് ശേഷം ഓഹരി വിപണി ഉയർന്നു. ജൂൺ നാലിന് ഫലം വന്നതിന് പിന്നാലെ വിപണി ഇടിഞ്ഞു. എക്സിറ്റ് പോളുകൾ വ്യാജമാണെന്ന് ബി.ജെ.പി. നേതാക്കൾക്ക് അറിയാമായിരുന്നു. ചെറുകിട നിക്ഷേപകർക്ക് 30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും തിരഞ്ഞെടുപ്പിനിടെ ഓഹരി വിപണിയെക്കുറിച്ച് പ്രസ്താവന നടത്തി. ഓഹരി വിപണി വലിയ വേഗത്തിൽ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൂൺ നാലിന് ഓഹരി വിപണി കുതിക്കുമെന്നും ഇപ്പോൾ നിക്ഷേപിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സമാനപ്രസ്താവനയായിരുന്നു ധനമന്ത്രിയുടേതും. ജൂൺ നാലിന് മുമ്പ് ഷെയറുകൾ വാങ്ങാൻ അമിത് ഷാ നിർദേശിച്ചു. ജൂൺ നാലിന് ഓഹരി വിപണി റെക്കോർഡുകൾ തകർക്കുമെന്ന് മേയ് 19-ന് മോദി പറഞ്ഞുവെന്നും രാഹുൽ അറിയിച്ചു.
ഓഹരി വിപണയിൽ നിക്ഷേപം നടത്തുന്ന അഞ്ചുകോടി കുടുംബങ്ങൾക്ക് എന്തിനാണ് പ്രധാനമന്ത്രിയും അമിത് ഷായും വ്യക്തമായ നിക്ഷേപ ഉപദേശം നൽകിയതെന്ന് രാഹുൽ ചോദിച്ചു. നിക്ഷേപ നിർദേശം നൽകുന്നത് അവരുടെ ജോലിയാണോ? സ്റ്റോക്ക് മാർക്കറ്റിൽ കൃത്രിമം കാണിച്ചതിന് സെബി അന്വേഷണം നേരിടുന്ന ബിസിനസ് ഗ്രൂപ്പിന് കീഴിലെ മാധ്യമസ്ഥാപനത്തിന് തന്നെ എന്തിനാണ് ഈ രണ്ട് അഭിമുഖങ്ങളും നൽകിയത്? എക്സിറ്റ് പോളിന് തൊട്ടുമുമ്പ് നിക്ഷേപം നടത്തി, അഞ്ചുകോടി കുടുംബങ്ങളുടെ ചെലവിൽ വലിയ ലാഭം കൊയ്ത സംശയാസ്പദമായ വിദേശനിക്ഷേപകരും ബി.ജെ.പിയും വ്യാജ എക്സിറ്റ് പോൾ ഏജൻസികളും തമ്മിലുള്ള ബന്ധമെന്താണ്? ഇക്കാര്യത്തിൽ ജെ.പി.സി. അന്വേഷണം ആവശ്യപ്പെടുകയാണ്. ഇത് ഒരു കുംഭകോണമാണെന്നാണ് മനസിലാക്കുന്നത്. ഇന്ത്യയിലെ ചെറുകിട നിക്ഷേപകരുടെ ചെലവിൽ ആരൊക്കെയോ ആയിരക്കണക്കിന് കോടി രൂപ സമ്പാദിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഓഹരി വാങ്ങാനുള്ള സൂചന നൽകിയെന്നും രാഹുൽ കുറ്റപ്പെടുത്തി.

