സംരക്ഷണ വിജയത്തിന്റെ അത്ഭുതകരമായ കഥ; സരിസ്‌ക ടൈഗർ റിസർവിൽ നിന്നുള്ള കടുവയുടെ ചിത്രം വൈറലാകുന്നു

ന്യൂഡൽഹി: രാജസ്ഥാനിലെ സരിസ്‌ക ടൈഗർ റിസർവിൽ നിന്നുള്ള ഒരു കടുവ കുടുംബത്തിന്റെ ചിത്രം പങ്കുവെച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥൻ പർവീൺ കസ്വാൻ. തന്റെ നാല് കുഞ്ഞുങ്ങളോടൊത്ത് നിൽക്കുന്ന ST22 എന്ന് പേരുള്ള കടുവയുടെ ചിത്രമാണ് പർവീൺ കസ്വാൻ പങ്കുവച്ചിരിക്കുന്നത്. ഏതൊരു സംരക്ഷകനെയും സന്തോഷിപ്പിക്കുന്ന ചിത്രമാണിതെന്നാണ് അദ്ദേഹം പറയുന്നത്.

സരിസ്‌കയിലെ ST22, നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. സരിസ്‌ക സംരക്ഷണ വിജയത്തിന്റെ അത്ഭുതകരമായ കഥയാണ്. പതിനാറ് വർഷത്തിനുള്ളിൽ പൂജ്യം കടുവകളിൽ നിന്ന് 40 കടുവകളിലേക്ക്. ഗ്രൗണ്ട് സ്റ്റാഫും ഓഫീസർമാരും ചെയ്ത അത്ഭുതകരമായ ജോലിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രവും കുറിപ്പും സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. ഇതാദ്യമായാണ് എസ്ടി-22 പ്രസവിക്കുന്നത്. 2008-ൽ കടുവയെ പുനരധിവസിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് സരിസ്‌ക ടൈഗർ റിസർവിലെ രണ്ട് കടുവകൾ ഈ വർഷം നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. ഇതൊരു ചരിത്ര സംഭവമാണെന്നാണ് സരിസ്‌ക ടൈഗർ റിസർവ് (എസ്ടിആർ) ഫീൽഡ് ഡയറക്ടർ മഹേന്ദ്ര ശർമ്മ വ്യക്തമാക്കിയിരിക്കുന്നത്.