ഒരു മഴ പെയ്താൽ തന്നെ ജനം ദുരിതത്തിൽ; വെള്ളക്കെട്ട് പ്രശ്‌നങ്ങളിൽ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. തൊടുന്യായങ്ങൾ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും ഒരു മഴ പെയ്താൽ തന്നെ ജനം ദുരിതത്തിലാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ വോട്ടെണ്ണൽ ആണെന്ന് കരുതി മാറ്റി വയ്ക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.

കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് അധികൃതരുടെ അലംഭാവവും ജനങ്ങളുടെ നിസ്സഹായതയും ചൂണ്ടിക്കാട്ടി കോടതി രൂക്ഷവിമർശനം ഉയർത്തിയത്. ജലാശയങ്ങളിലും മറ്റും മാലിന്യമിടുന്ന ജനത്തിന്റെ മനോഭാവത്തിനും ഒരു മാറ്റവും വന്നിട്ടില്ലെന്നും കോടതി വിമർശിച്ചു.

ഇനിയും ന്യായം പറഞ്ഞുകൊണ്ടിരിക്കാതെ മാലിന്യവും കനാലുകളിലെ ചെളിയും നീക്കുന്നത് അടക്കമുള്ള ജോലികൾ വേഗത്തിൽ പൂർത്തിയാക്കണം. കഴിഞ്ഞവർഷം ഭേദപ്പെട്ട രീതിയിൽ മഴക്കാലപൂർവ മാലിന്യനീക്കം നടന്നിരുന്നു. അതേ മാതൃകയിൽ ഇത്തവണയും ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ അത് നടപ്പായില്ല. ഇപ്പോഴാണ് ആ ജോലികൾ നടന്നുവരുന്നത്. മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ അതൊരു അവസരമായി കണ്ട് എത്രയും വേഗം ജോലികൾ പൂർത്തിയാക്കണം. വോട്ടെണ്ണലാണ് എന്നു കരുതി ഈ ജോലികൾക്ക് മുടക്കം ഉണ്ടാകരുതെന്നും കോടതി കൂട്ടിച്ചേർത്തു.