മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി മുസ്ലിം ലീഗ്

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ പാർട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സർക്കാർ പറഞ്ഞ കണക്കുകൾ ശരിയല്ലെന്ന് ബോധ്യപ്പെടുത്തിയതായി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

രേഖാമൂലം ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകും. വിദ്യാഭ്യാസ മന്ത്രിയുമായും മുസ്ലിംലീഗ് നേതാക്കൾ ചർച്ച നടത്തി. അധിക ബാച്ചുകൾ അനുവദിച്ച് പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് മുസ്സിം ലീഗ്. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മലബാറിലെ കളക്ടറേറ്റുകൾക്ക് മുന്നിൽ കഴിഞ്ഞ ദിവസം ധർണ്ണ നടത്തിയിരുന്നു.

സീറ്റ് പ്രതിസന്ധി ഗൗരവമുള്ള വിഷയമാണെന്നും വിഷയത്തിൽ വിശദമായി ചർച്ച നടത്തിയെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സർക്കാർ പറഞ്ഞ കണക്കുകൾ ശരിയല്ലെന്ന് ബോധ്യപ്പെടുത്തി. പൊളിടെക്‌നിക്ക് ഐടിഐ സീറ്റുകൾ ഉണ്ടെന്ന് പറയുന്നത് ശരിയല്ല. കുട്ടികൾ കഷ്ടപ്പാടിലാണ്. വിശദമായി കണക്ക് സഹിതം കുറവുള്ള സീറ്റുകളുടെ വിവരം തയ്യാറാക്കി സർക്കാരിന് നൽകുമെന്നും കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളെ അറിയിച്ചു.