ഇസ്ലാമാബാദ്: പാകിസ്താനിൽ പെൺകുട്ടികൾക്കായുള്ള സ്കൂൾ സായുധസംഘം അഗ്നിക്കിരയാക്കി. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലുള്ള നോർത്ത് വസിരിസ്താനിലാണ് സംഭവം. മണ്ണെണ്ണ ഉപയോഗിച്ച് അക്രമികൾ സ്കൂളിന് തീ കൊളുത്തുകയായിരുന്നു. സ്കൂളിലെ കമ്പ്യൂട്ടറുകൾ, പുസ്തകങ്ങൾ, ഫർണിച്ചറുകൾ എന്നിവ കത്തിനശിച്ചു.
നേരത്തേ താലിബാന്റെ ശക്തി കേന്ദ്രമായിരുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. രാത്രിയിലായിരുന്നു സംഭവം. ആർക്കും പരിക്കില്ലെന്ന് പ്രാദേശിക പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. മേഖലയിൽ ഒരു മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ സംഭവമാണ് ഇത്. പ്രദേശത്തെ പെൺകുട്ടികൾക്ക് മാത്രമായുള്ള രണ്ട് സ്കൂളുകളാണ് ഈ മാസം അഗ്നിക്കിരയാക്കപ്പെട്ടത്.
അതേസമയം, അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. സ്കൂളിന്റെ ഉടമയുമായി പ്രശ്നങ്ങളുണ്ടായിരുന്ന ഒരാളുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്.

