പൊതുനിരത്തിൽ സ്‌ഫോടനാത്മക രംഗങ്ങൾ; വിജയ് സിനിമയുടെ ചിത്രീകരണമാണെന്നറിയാതെ പരിഭ്രാന്തരായി ആളുകൾ

ചെന്നൈ: ഇളയ ദളപതി വിജയ് നായകനായി എത്തുന്ന ചിത്രം ഗോട്ടിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പുതുച്ചേരിയിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആക്ഷൻ രംഗങ്ങളാണ് പുതുച്ചേരിയിൽ ഇപ്പോൾ ചിത്രീകരിക്കുന്നത്. ഗോട്ട് സിനിമയുടെ ചിത്രീകരണം നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചിത്രത്തിലെ സ്‌ഫോടനാത്മക രംഗങ്ങൾ ചിത്രീകരിച്ചത് പൊതുനിരത്തിലാണ്. ബീച്ച് റോഡ്, പഴയ തുറമുഖം റോഡിലൊക്കെയാണ് ചിത്രീകരണം നടക്കുന്നത്. നടുറോഡിൽ സിനിമ ചിത്രീകരണമാണ് നടക്കുന്നതെന്ന് അറിയാതെയാണ് നാട്ടുകാർ പരിഭ്രാന്തിയിലായത്. രാത്രിയിലും സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ട്.

വേണ്ട മുൻകരുതലുകളും സുരക്ഷ നടപടികളും ചെയ്താണ് ചിത്രീകരണം നടത്തിയതെന്നും ആർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലായെന്നുമാണ് സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങൾ റഷ്യയിലും ചിത്രീകരിച്ചിരുന്നു. വെങ്കട്ട് പ്രഭു ആണ് ചിത്രത്തിന്റെ സംവിധായകൻ. പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ, സ്‌നേഹ, ലൈല, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സെപ്തംബർ അഞ്ചിന് ചിത്രം തിയേറ്ററിലെത്തും.