പ്രിയപ്പെട്ട സഹതാരം ആര്; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രശ്മിക മന്ദാന. താരത്തിന്റെ ചിത്രങ്ങളും വാക്കുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. ഏറ്റവും പ്രിയപ്പെട്ട സഹതാരം ആരാണെന്ന എന്ന ചോദ്യത്തിന് രശ്മിക പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒരു പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പരാമർശം. വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ട നായകനായെത്തുന്ന ഗം ഗം ഗണേശ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനെത്തിയതായിരുന്നു രശ്മിക. അപ്പോൾ ആനന്ദാണ് രശ്മികയോട് പ്രിയപ്പെട്ട സഹതാരം ആരാണെന്ന് ചോദിച്ചത്.

പൊട്ടിച്ചിരിയോടെയാണ് രശ്മിക ഈ ചോദ്യത്തിന് മറുപടി നൽകിയത്. ആനന്ദ്, നിങ്ങളൊരു കുടുംബമാണ് എന്നായിരുന്നു രശ്മികയുടെ മറുപടി. ചോദ്യത്തിന് പിന്നാലെ കാണികൾക്കിടയിൽ നിന്നും വിജയ് ദേവരകൊണ്ടയുടെ പേര് പറയുന്നത് കേൾക്കാം. അവസാനം ‘റൗഡി ബോയ്’ എന്ന് രശ്മിക ചോദ്യത്തിന് മറുപടി പറയുകയും ചെയ്തു. റൗഡി ബോയ് എന്നാണ് ആരാധകർക്കിടയിൽ വിജയ് ദേവരകൊണ്ട അറിയപ്പെടുന്നത്.

വിജയ് ദേവരകൊണ്ടയുമായി താരം പ്രണയത്തിലാണെന്ന തരത്തിൽ ഏറെ നാളുകളായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ രശ്മികയും വിജയ് ദേവരകൊണ്ടയുമാണ് ജോഡികളായെത്തിയത്.