കോഴിക്കോട്: സംസ്ഥാനത്ത് പ്ലസ് വണിന് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന ഹർജിയിൽ വിചിത്ര വാദവുമായി സംസ്ഥാന സർക്കാർ. പ്ലസ് വൺ സീറ്റില്ലെന്ന് ഒരു വിദ്യാർത്ഥി പോലും പരാതി ഉന്നയിച്ചിട്ടില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. മലബാർ ജില്ലകളിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഗണിച്ച് പുതിയ പ്ലസ് വൺ ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട മലപ്പുറം എ ആർ നഗർ ഹയർസെക്കൻഡറി സ്‌കൂൾ മാനേജർ ആണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ഈ ഹർജിയിലാണ് കോടതി ഇതുസംബന്ധിച്ച വാദം ഉയർത്തിയത്.
കൂടുതൽ പ്ലസ് വൺ സീറ്റില്ലെന്നും ബാച്ചനുവദിക്കണമെന്ന പരാതിയുമായി സർക്കാരിനെ സമീപിച്ചിരിക്കുന്നത് സ്‌കൂൾ മാനേജർമാർ മാത്രമാണെന്നും സർക്കാർ വ്യക്തമാക്കി. ഒരു വിദ്യാർത്ഥിയോ രക്ഷിതാവോ ഇതുവരെയായിട്ടും പ്ലസ് വൺ സീറ്റില്ലെന്ന പരാതി ഉയർത്തിയിട്ടില്ലെന്നും സർക്കാർ പറയുന്നു.
പ്ലസ് വൺ ബാച്ചുകളുടെ ആവശ്യകതയുണ്ടോയെന്ന് പരിശോധിച്ച് 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന, ജില്ലാതല സമിതികളോട് കോടതി ആവശ്യപ്പെട്ടു. നിരവധി വിദ്യാർത്ഥി സംഘടനകൾ സീറ്റിന്റെ പ്രശ്‌നം ആരോപിച്ച് പ്രക്ഷോഭ രംഗത്തെത്തിയിട്ടുണ്ട്.

