ന്യൂഡൽഹി: ഓൺലൈൻ പേയ്മെന്റ് സംവിധാനം പേടിഎമ്മിലെ ജീവനക്കാർ പ്രതിസന്ധിയിലെന്ന റിപ്പോർട്ടുകൾ പുറത്ത്. മാതൃ കമ്പനി വൺ97 കമ്മ്യൂണിക്കേഷൻസിന്റെ നഷ്ടം വർധിച്ചതോടെ 5000 മുതൽ 6300 വരെ ജീവനക്കാരെ പേടിഎം പിരിച്ചുവിട്ടേക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനുള്ള ശ്രമങ്ങളിലാണ് പേടിഎമ്മിന്റെ മാതൃകമ്പനി.
ജോലിക്കാരുടെ 15-20 ശതമാനം കുറയ്ക്കാനാണ് കമ്പനിയുടെ ആലോചന. ഇതോടെ 5000-6300 പേർക്ക് തൊഴിൽ നഷ്ടം സംഭവിക്കും. ജീവനക്കാരെ ഒഴിവാക്കുന്നതിലൂടെ 400-500 കോടി രൂപയുടെ കുറവാണ് ചിലവിൽ വൺ97 കമ്മ്യൂണിക്കേഷൻസ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ശരാശരി 32798 ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. 7.87 ലക്ഷം രൂപയായിരുന്നു ഇവരുടെ ശരാശരി വാർഷിക ശമ്പളം.
എന്നാൽ ഈ സാമ്പത്തിക വർഷം ജീവനക്കാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളിൽ 34 ശതമാനത്തിന്റെ വർധനവുണ്ടായതോടെ ശരാശരി വാർഷിക പ്രതിഫലം 10.6 ലക്ഷമായി ഉയർന്നു. ഈ ഞെരുക്കം മറികടക്കാൻ കമ്പനിയുടെ പുതിയ നീക്കം.

