‘അമ്മ’യുടെ നേതൃത്വനിരയിൽ മാറ്റങ്ങൾക്ക് സാധ്യത; ജനറൽ സെക്രട്ടറി ഇടവേള ബാബു സ്ഥാനമൊഴിഞ്ഞേക്കും

തിരുവനന്തപുരം: താരസംഘടന ‘അമ്മ’യുടെ നേതൃത്വനിരയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത. പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹൻലാലും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബുവും സ്ഥാനമൊഴിയുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ കാൽനൂറ്റാണ്ടായി വിവിധ പദവികളിൽ സംഘടനയുടെ നേതൃരംഗത്തുള്ള വ്യക്തിയാണ് ഇടവേള ബാബു. ഇദ്ദേഹം സ്ഥനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചുവെന്നാണ് വിവരം.അമ്മയുടെ നേതൃനിരയിൽ 25 വർഷം സജീവമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ഇനി നേതൃസ്ഥാനത്തേക്ക് ഇല്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇടവേള ബാബു ഒരു മാധ്യമത്തോടു പറഞ്ഞു. ഒരു മാറ്റം അനിവാര്യമാണെന്നും പുതിയ ആളുകൾ വരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം,ജൂൺ 30ന് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടക്കും. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് യോഗം നടക്കുക.. 506 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ജൂൺ മൂന്നു മുതൽ പത്രികകൾ സ്വീകരിക്കും. ഭാരവാഹിത്വം ഒഴിയാൻ കഴിഞ്ഞ തവണയും ഇടവേള ബാബു താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, മമ്മൂട്ടിയുടെ നിർബന്ധപ്രകാരം അദ്ദേഹം തൽസ്ഥാനത്തു തുടരുകയായിരുന്നു.