ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ആംആദ്മി എംപി സ്വാതി മലിവാളിന്റെ പരാതിയിലാണ് ബിജെപി കെജ്രിവാളിനെതിരെ വിമർശനം ഉയർന്നത്. കെജ്രിവാൾ 9 ദിവസമായി മിണ്ടുന്നില്ലെന്ന് ബിജെപി പറഞ്ഞു. കെജ്രിവാളിന്റെ മൗനത്തിലൂടെ എല്ലാം വ്യക്തമാണെന്നായിരുന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പ്രതികരണം.
എഎപി സ്ത്രീ വിരുദ്ധ പാർട്ടിയായി മാറിയിരിക്കുകയാണ്. കേസ് ഒത്തുതീർപ്പാക്കാൻ കെജ്രിവാൾ സ്വാതിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പ്രമോദ് സാവന്ത് അറിയിച്ചു. ഇതിനിടെ എഎപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വാതി മലിവാൾ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ എഎപി ഗൂഢാലോചന നടത്തുകയാണ്. അപവാദ പ്രചാരണം നടത്താൻ നേതാക്കൾക്ക് മേൽ സമ്മർദം ചെലുത്തുകയാണെന്നും സ്വാതി വ്യക്തമാക്കിയിരുന്നു.
സ്വകാര്യ ഫോട്ടോകൾ പുറത്ത് വിടാനും നീക്കം നടക്കുന്നുണ്ട്. തന്നെ ആര് പിന്തുണയ്ക്കുന്നുവോ അവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നതാണ് സ്ഥിതി. ബിഭവിനെ ഭയക്കുകയാണ് എല്ലാവരും. എഎപിയുടെ ഏറ്റവും വലിയ നേതാവടക്കം ഭയക്കുന്നു. വനിതാ മന്ത്രിപോലും പഴയ സഹപ്രവർത്തകക്കെതിരെ പ്രവർത്തിക്കുന്നതിൽ വിഷമമുണ്ടെന്നും സ്വാതി മലിവാൾ പറഞ്ഞു. സത്യം തന്റെ ഭാഗത്താണ്. എല്ലാറ്റിനെയും നേരിടുമെന്നും പോരാട്ടം തുടരുമെന്നും സ്വാതി മലിവാൾ ട്വിറ്ററിൽ കുറിച്ചു.

