ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യഹർജി തള്ളി ഡൽഹി ഹൈക്കോടതി. സിസോദിയ അധികാര ദുർവിനിയോഗവും വിശ്വാസ ലംഘനവും നടത്തിയെന്നതാണ് കേസെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനാധിപത്യ മൂല്യങ്ങളെ വഞ്ചിച്ചെന്നും കോടതി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ഡൽഹിയിലെ റൗസ് അവന്യൂ കോടതി സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മേയ് 31 വരെ നീട്ടിയിരുന്നു. അതേസമയം വിചാരണക്കോടതിയുടെ അതേ മാനദണ്ഡങ്ങൾ പാലിച്ച് രോഗബാധിതയായ ഭാര്യയെ കാണുന്നതിന് സിസോദിയയ്ക്ക് അനുവാദവും നൽകി. ഫെബ്രുവരി മാസം മുതൽ മനീഷ് സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.

