ന്യൂഡൽഹി: ബിജെപി ഒരിക്കലും ന്യൂനപക്ഷങ്ങൾക്കെതിരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷങ്ങൾക്കെതിരെ താൻ ഒരു അക്ഷരം പോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റേത് പ്രീണന രാഷ്ട്രീയമാണ്, കോൺഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെയാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് ഭരണഘടനക്കെതിരെ പ്രവർത്തിക്കുന്നു. മതാടിസ്ഥാത്തിൽ സംവരണം ഉണ്ടാകുന്നതിന് അംബേദ്കറും നെഹ്റുവും എതിരായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജസ്ഥാനിലും ഉത്തർപ്രദേശിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇന്ത്യാ സഖ്യം അധികാരത്തിൽ വന്നാൽ രാജ്യത്തെ ജനങ്ങളുടെ സ്വത്ത് അവർ കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകും അത് വേണോ എന്നായിരുന്നു രാജസ്ഥാനിലെ പ്രസംഗത്തിൽ പ്രധാനമനത്രി നടത്തിയ പരാമർശം. കോൺഗ്രസ്- എസ്പി സഖ്യം ജയിച്ചാൽ അവർ ജനങ്ങളുടെ സമ്പത്ത് വോട്ട് ജിഹാദിന്റെ ആളുകൾക്ക് നൽകുമെന്നായിരുന്നു ഉത്തർപ്രദേശിൽ മോദി വ്യക്തമാക്കിയത്.

