തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും വർദ്ധിച്ചു. ഗ്രാമിന് 80 രൂപയുടെ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 6,840 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. പവന് 640 രൂപയാണ് വർദ്ധിച്ചത്. 54,720 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില. ഏപ്രിൽ 19 ന് രേഖപ്പെടുത്തിയ 54,520 രൂപയായിരുന്നു ഇതിന് മുൻപുള്ള റെക്കോർഡ് വില.
രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. പലിശ നിരക്കിൽ മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് ഇപ്പോഴത്തെ സ്വർണ്ണവില വർദ്ധനവിന് കാരണം. നിക്ഷേപകർ വലിയതോതിൽ സ്വർണ്ണത്തിൽ താൽപ്പര്യം കാട്ടുന്നതും വിലവർദ്ധനയ്ക്ക് കാരണമായിട്ടുണ്ട്.
രാജ്യാന്തര സ്വർണവില ഔൺസിന് 2414 ഡോളർ നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് 65 രൂപയാണ് ഉയർന്നത്. 5,596 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില. ഒരു പവൻ 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 44,248 രൂപയാണ്.

