താൻ മുസ്ലിങ്ങളെ കുറിച്ച് മാത്രമല്ല, എല്ലാ ദരിദ്ര കുടുംബങ്ങളെ കുറിച്ചുമാണ് സംസാരിച്ചത്; പ്രധാനമന്ത്രി

ന്യൂഡൽഹി: വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ മുസ്ലിങ്ങളെ കുറിച്ച് മാത്രമല്ല, എല്ലാ ദരിദ്ര കുടുംബങ്ങളെ കുറിച്ചുമാണ് സംസാരിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ തുടങ്ങിയ വിവാദ പരാമർശങ്ങളിലാണ് അദ്ദേഹം പ്രതികരണം നടത്തിയത്. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിങ്ങളോടുള്ള തന്റെ സ്‌നേഹം താൻ മാർക്കറ്റ് ചെയ്യാറില്ല. താൻ വോട്ട് ബാങ്കിന് വേണ്ടിയല്ല പ്രവർത്തിക്കുന്നത്. സബ്കാ സാഥിലും സബ്കാ വികാസിലും താൻ വിശ്വസിക്കുന്നു. താൻ ഞെട്ടിപ്പോയി, കൂടുതൽ കുട്ടികളുള്ളവരെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അവർ മുസ്ലിംങ്ങളാണെന്ന് അനുമാനിക്കുമെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. നിങ്ങൾ മുസ്ലിങ്ങളോട് ഇത്ര അനീതി കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുന്നു.

പാവപ്പെട്ട കുടുംബങ്ങളിലും ഇതാണ് അവസ്ഥ. അവരുടെ സാമൂഹിക അവസ്ഥ പരിഗണിക്കാതെ ദാരിദ്ര്യം ഉള്ളിടത്ത് കൂടുതൽ കുട്ടികളുള്ള സാഹചര്യമുണ്ട്. താൻ ഹിന്ദുവെന്നോ മുസ്ലിമെന്നോ പറഞ്ഞിട്ടില്ല. ഒരാൾക്ക് പരിപാലിക്കാൻ കഴിയുന്നത്ര കുട്ടികളുണ്ടാകണമെന്ന് താൻ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുട്ടികളെ സർക്കാർ നോക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ 2002ൽ നടന്ന ഗോധ്ര കലാപത്തിന് ശേഷം എതിരാളികൾ മുസ്ലിങ്ങൾക്കിടയിൽ തന്റെ പ്രതിച്ഛായ മോശമാക്കി. മുസ്ലിങ്ങൾ തന്നെ പിന്തുണക്കുന്നുണ്ടെങ്കിലും അവരോട് അത് ചെയ്യൂ ഇത് ചെയ്യൂ എന്ന് പറയാനും ആളുകളുണ്ട്. തന്റെ വീട്ടിൽ, തനിക്ക് ചുറ്റും മുസ്ലിം കുടുംബങ്ങൾ ഉണ്ട്. തങ്ങളുടെ വീട്ടിലും പെരുന്നാൾ ആഘോഷിച്ചു, തങ്ങളുടെ വീട്ടിൽ വേറെയും ആഘോഷങ്ങൾ നടക്കാറുണ്ട്. ഈദ് ദിനത്തിൽ തങ്ങളുടെ വീട്ടിൽ ഭക്ഷണം പാകം ചെയ്തിരുന്നില്ല. എല്ലാ മുസ്ലിം കുടുംബങ്ങളിൽ നിന്നും തന്റെ വീട്ടിലേക്ക് ഭക്ഷണം കൊണ്ടുവന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.