കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ നടപടികൾ ആരംഭിച്ചതായി അധികൃതർ

പത്തനംതിട്ട: കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ടയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ച നിരവധി താറാവുകൾ നിരണത്തെ താറാവ് വളർത്തൽ കേന്ദ്രത്തിൽ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സാമ്പിളുകൾ അയച്ച് പരിശോധന നടത്തുകയായിരുന്നു.

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. തുടർനടപടികൾ സ്വീകരിക്കുന്നതിനായി നാളെ കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരള -തമിഴ്‌നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തമിഴ്‌നാട് അതിർത്തിയായ വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെ നിയോഗിച്ചു. തമിഴ്‌നാട്, ആന്ധ്രാ, കർണാടക എന്നിവിടങ്ങളിൽ നിന്ന് വരുന്ന ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്.

ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങൾ

ചത്ത പക്ഷികളെയോ, രോഗം ബാധിച്ചവയെയെയോ, ദേശാടന കിളികളെയോ, ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനു മുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.

രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മാസ്‌കും നിർബന്ധമായും ധരിക്കേണ്ടതാണ്.

കോഴികളുടെ മാംസം (പച്ച മാംസം ) കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.

നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക.

നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാം വിധം പക്ഷികളുടെ/ ദേശാടന പക്ഷികളുടെ മരണം ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനത്തിൽ അറിയിക്കുക.

പക്ഷികളെ കൈകാര്യം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ ബന്ധപെടുക .

വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.

ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്സൈഡ് (Sodium hydroxide) ലായനി, പൊട്ടാസിയം പെർമാംഗനേറ്റ് (potassium permanganate) ലായനി, കുമ്മായം ( Lime) എന്നിവ ഉപയോഗിക്കാവുന്നതാണ്.

അണു നശീകരണം നടത്തുമ്പോൾ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പു വരുത്തേണ്ടതാണ്.

നിരീക്ഷണ മേഖലയിൽ (surveillance zone ) പക്ഷികളുടെ / ദേശാടന പക്ഷികളുടെ മരണം ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ് .
ചെയ്തുകൂടാത്തത്

ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ, പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.

പകുതി വേവിച്ച (ബുൾസ് ഐ പോലുള്ളവ ) മുട്ടകൾ കഴിക്കരുത് .

പകുതി വേവിച്ച മാംസം ഭക്ഷിക്കരുത്.

രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്.

രോഗ ബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവൻ പക്ഷികളേയും കൊന്നു മറവു ചെയ്യുന്നതടക്കമുള്ള രോഗനിയന്ത്രണത്തിനുള്ള എല്ലാ കരുതൽ നടപടികളും മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടുന്നതിന് ആലപ്പുഴ ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ നേതൃത്വത്തിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഫോൺ നമ്പർ: 0477-2252636

പക്ഷികളിൽ ഉണ്ടാകുന്ന അസ്വാഭാവിക മരണം / അസ്വാഭാവിക ലക്ഷണങ്ങള് എന്നിവ നിരീക്ഷണ വിധേയമാക്കാന് എല്ലാ മൃഗാശുപത്രികളിലേയും വെറ്ററിനറി സർജന്മാർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്

പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.